അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം. ദൃശ്യം 2 അനൗണ്‍സ് ചെയ്യുന്നതിന് മുമ്പ് ഇരുവരും ചെയ്യാന്‍ പദ്ധതിയിട്ട ചിത്രം എന്നാല്‍ പല പ്രതിസന്ധികള്‍ നേരിട്ട് നീണ്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ റാമിനെക്കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ് നല്‍കിയ അപ്‌ഡേഷനാണ് സിനിമാ ലോകത്തെ ചര്‍ച്ചകളിലൊന്ന്.
സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ രണ്ട് ഭാഗങ്ങളിലായി ഒരുക്കാനിരുന്ന റാമിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജീത്തു ജോസഫ്. ചിത്രത്തിന്റെ പ്രാഡ്യൂസര്‍മാരുമായി താന്‍ സംസാരിച്ചിരുന്നെന്നും ചിത്രം വീണ്ടും റെസ്യൂം ചെയ്യാനുള്ള ഒരുക്കങ്ങളിലാണെന്നും സംവിധായകന്‍ പറഞ്ഞു. പ്രൊഡ്യൂസര്‍ സൈഡില്‍ നിന്നുമുണ്ടായ ചില പ്രശ്‌നങ്ങളാണ് ചിത്രം നേരിട്ടതെന്നും ഉടന്‍ തന്നെ ബാക്കി പരിപാടികള്‍ തുടങ്ങാന്‍ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അതില്‍ കൂടുതല്‍ തനിക്ക് ഒന്നും അറിയില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ദൃശ്യത്തിന്റെ വലിയ വിജയത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു റാം. മൂന്നോളം വിദേശരാജ്യങ്ങളിലായി ഷൂട്ട് പ്ലാന്‍ ചെയ്ത സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ കൊവിഡ് വന്നതോടെ ഇരുവരും ദൃശ്യം 2വിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു.
ഒ.ടി.ടി യില്‍ റിലീസായ ദൃശ്യം 2 വിന് പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി 12th മാന്‍, നേര്, ദൃശ്യം 3, തുടങ്ങിയ ചിത്രങ്ങളും മറ്റ് ചിത്രങ്ങളും ജീത്തു സംവിധാനം ചെയ്‌തെങ്കിലും റാം അനിശ്ചിതത്തിലാകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ്ങ് 80 ശതമാനം പൂര്‍ത്തിയായെന്നും 15 ദിവസത്തെ ഷൂട്ടിങ്ങ് മാത്രമാണ് ബാക്കിയുള്ളതെന്നും ജീത്തു പറഞ്ഞിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ താരത്തിന് പരിക്ക് പറ്റിയതും കൊവിഡ് പ്രതിസന്ധിയും കാരണമാണ് ചിത്രം വൈകുന്നതെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.
അതേസമയം 2018 ല്‍ പ്രഖ്യപിച്ച ചിത്രമായതിനാല്‍ വിഷയവും സിനിമയുടെ മേക്കിങ്ങും കാലഹരണപ്പെട്ടിട്ടുണ്ടാവുമെന്നും ചിത്രത്തിന്റെ ഉള്ളടക്കത്തില്‍ ആത്മവിശ്വാസമില്ലെങ്കില്‍ റിലീസ് ചെയ്യരുതെന്നുമാണ് ഒരു കൂട്ടം ആരാധകരുടെ ആവശ്യം. 2026 ലെ ആക്ഷന്‍ പടങ്ങളുടെ നിലവാരം ചിത്രത്തിന് മീറ്റ് ചെയ്യാന്‍ സാധിച്ചിലെങ്കില്‍ മോഹന്‍ ലാലിന്റെ കരിയറിലെ മറ്റൊരു പരാജയമായി ചിത്രം മാറുമെന്നാണ് കമന്റുകള്‍.
Content Highlight: Jeethu Joseph gives latest update on Ram film with Mohan lal
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.