മമ്മൂട്ടിയോടൊപ്പമുള്ള സിനിമ ഞാൻ അറിഞ്ഞില്ലല്ലോ... വാർത്തകളിൽ വ്യക്തത വരുത്തി ജീത്തു ജോസഫ്
Malayalam Cinema
മമ്മൂട്ടിയോടൊപ്പമുള്ള സിനിമ ഞാൻ അറിഞ്ഞില്ലല്ലോ... വാർത്തകളിൽ വ്യക്തത വരുത്തി ജീത്തു ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th September 2025, 6:52 am

ത്രില്ലർ സിനിമകളുടെ പിന്നിലെ അമരക്കാരൻ ആണ് ജീത്തു ജോസഫ്. ഡിറ്റക്ടീവ്, മമ്മി & മി മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് പുറത്തിറങ്ങാൻ പോകുന്ന മിറാഷ്, വലതുവശത്തെ കള്ളൻ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ സിനിമാ ലിസ്റ്റ്.

എന്നാൽ മമ്മൂട്ടിക്കൊപ്പം ജീത്തു ഒന്നിക്കുകയാണെന്ന വാർത്ത കുറച്ച് നാളുകൾക്ക് മുമ്പ് വന്നിരുന്നു. ഇപ്പോൾ ആ വാർത്തയ്ക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് ജീത്തു.

താൻ അങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ലെന്നും അത്തരം ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും ജീത്തു പറയുന്നു. ഇത് ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയാണെന്നും ജീത്തു വ്യക്തത വരുത്തി. ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം മിറാഷ് (Mirage) പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. അപർണ ബാലമുരളി, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററിലെത്തും.

കൂമൻ ആണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം.

മിറാഷ് ഒരു ത്രില്ലർ ചിത്രമാണെന്ന് ജീത്തു മുമ്പും പറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുമ്പ് ചർച്ചയിലേക്ക് വന്ന സിനിമയാണ് മിറാഷെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപർണ ബാലമുരളിയാണ്. ഓൺലൈൻ ന്യൂസ് ചാനൽ സ്വന്തമായുള്ള റിപ്പോർട്ടറുടെ വേഷമാണ് ആസിഫ് അലി ചെയ്യുന്നത്.

അപർണ ബാലമുരളി, ആസിഫ് അലി എന്നിവരെ കൂടാതെ ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഇ. ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, ജതിൻ എം. സെഥി, സി.വി. സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അപർണ ആർ. തരക്കാട് എഴുതിയ കഥക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്.

കൂടാതെ, ബിജു മേനോനെ പ്രധാനകഥാപാത്രമാക്കിയൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ വലതുവശത്തെ കള്ളനും ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ബിജു മേനോൻ. ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഓഗസ്‌റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്‌റ്റോറീസ് എന്നിവരുടെ ബാനറിൽ ഷാജി നടേശനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്.

Content Highlight: Jeethu Joseph clarifies the Movie with Mammootty