ത്രില്ലര്‍ സിനിമകള്‍ക്ക് മലയാളത്തില്‍ പുതിയൊരു ഡൈമെന്‍ഷന്‍ പരിചയപ്പെടുത്തിയ സംവിധായകനാണ് ജീത്തു ജോസഫ്. ആദ്യ ചിത്രമായ ഡിറ്റക്ടീവിലൂടെ അത് പ്രേക്ഷകര്‍ക്ക് വ്യക്തമാക്കിയതുമാണ്. ഇന്‍ഡസ്ട്രിയുടെ ഗതിമാറ്റിയ ദൃശ്യം ഉള്‍പ്പെടെ ഒരുപിടി മികച്ച സിനിമകള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. ദൃശ്യം 2വിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടാനും ജീത്തുവിന് സാധിച്ചു.
ത്രില്ലറുകള്‍ക്ക് പുറമെ കോമഡി, ഫാമിലി ഴോണറുകള്‍ അദ്ദേഹം പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ചെയ്യാന്‍ ആഗ്രഹമുള്ള ഴോണറിനെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. മാസ് മസാല ഴോണറില്‍ ഒരു സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് കാലമായി അങ്ങനെയൊരു ആഗ്രഹം മനസിലുണ്ടെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.
ലോജിക്കൊന്നും നോക്കാതെ ആദ്യാവസാനം അടിച്ചുപൊളിച്ചുകൊണ്ടുള്ള മാസ് സിനിമയാണ് തന്റെ മനസിലുള്ളതെന്നും എപ്പോഴെങ്കിലും അങ്ങനെയൊരു സിനിമ ചെയ്യണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ തന്റെയടുത്ത് അത്തരം സിനിമകള്‍ ആരം പ്രതീക്ഷിക്കുന്നില്ലെന്നും അക്കാരണം കൊണ്ടുമാത്രം അത് ചെയ്യാന്‍ മുതിരുന്നില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് ഇനി ചെയ്യണമെന്ന് ആഗ്രഹമുള്ള ഴോണര്‍ ഒരെണ്ണമുണ്ട്. മാസ് മസാല ഴോണറില്‍ ഒരു പടം ചെയ്യണമെന്ന് ഒരുപാട് കാലമായി ആഗ്രഹിക്കുന്നു. അതായത്, ലോജിക്കൊന്നും നോക്കാതെ ആദ്യാവസാനം ആസ്വദിച്ച് അടിച്ചുപൊളിച്ച് കാണാന്‍ പറ്റാവുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ഹെവി ആക്ഷനൊക്കെയുള്ള സിനിമയാണ് മനസില്‍.
അങ്ങനെയൊരു സബ്‌ജെക്ട് കിട്ടിയാല്‍ ചെയ്യണമെന്നുണ്ട്. പക്ഷേ, അതിലെ പ്രധാന പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ എന്റെയടുത്ത് നിന്ന് അങ്ങനെയൊരു സിനിമ ആരും പ്രതീക്ഷിക്കുന്നില്ല എന്നാണ് എന്റെ സുഹൃത്തുക്കള്‍ പറയുന്നത്. പ്രേക്ഷകര്‍ അത് അംഗീകരിക്കില്ലെന്നാണ് അവരുടെ വാദം. എനിക്ക് അതില്‍ എന്ത് ചെയ്യാനാകും?
അതുപോലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സിനിമ ചെയ്യണമെന്നുണ്ട്. ഒരു ഹൊറര്‍ സിനിമ ചെയ്താല്‍ കൊള്ളാമെന്നുണ്ട്. ഇതെല്ലാം പരീക്ഷിച്ച് നോക്കണമെന്ന് മനസില്‍ ഉണ്ട്. പക്ഷേ, എന്നെ തേടി വരുന്ന സ്‌ക്രിപ്‌റ്റെല്ലാം ത്രില്ലറുകള്‍ മാത്രമാണ്. ഒന്നും ചെയ്യാനില്ല,’ ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph about the genre he wants to explore