അടുപ്പിച്ച് 15 ഇന്റര്‍വ്യൂ കൊടുത്ത് നാവൊക്കെ കുഴഞ്ഞുപോയ അവസ്ഥയുണ്ട്, അതൊക്കെ ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനാണ്: ജീത്തു ജോസഫ്
Malayalam Cinema
അടുപ്പിച്ച് 15 ഇന്റര്‍വ്യൂ കൊടുത്ത് നാവൊക്കെ കുഴഞ്ഞുപോയ അവസ്ഥയുണ്ട്, അതൊക്കെ ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനാണ്: ജീത്തു ജോസഫ്
അമര്‍നാഥ് എം.
Friday, 24th April 2026, 10:07 am

ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മലയാളചിത്രമാണ് ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും വന്‍ വിജയമാവുകയും ചെയ്തതിനാല്‍ മൂന്നാം ഭാഗത്തിന് പ്രതീക്ഷകളേറെയാണ്. എന്നാല്‍ സംവിധായകന്‍ ജീത്തു ജോസഫിന്റെ കഴിഞ്ഞ ചില സിനിമകള്‍ പ്രതീക്ഷക്കൊത്ത് ഉയാരത്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്.

സിനിമാ പ്രൊമോഷനുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ജീത്തു ജോസഫ്. പ്രൊമോഷന് താരങ്ങള്‍ സഹകരിക്കാത്തതുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ നടക്കാറുണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞു. അടുത്തിടെ ബിജു മേനോനെതിരെ നിര്‍മാതാവ് പരാതിപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ജീത്തു ജോസഫ് Photo: Screen grab/ TNIE Kerala

വലതുവശത്തെ കള്ളന്റെ സമയത്ത് പ്രൊമോഷന് വരാമോ എന്ന് താന്‍ ബിജു മേനോനോട് ചോദിച്ചിരുന്നെന്നും എന്നാല്‍ അയാള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പോകാറില്ലെന്ന് തനിക്ക് മറുപടി നല്‍കിയെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.

‘അയാള്‍ക്ക് അങ്ങനെയൊക്കെ പ്രൊമോഷന്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പിന്നീട് നമ്മള്‍ നിര്‍ബന്ധിച്ചിട്ട് കാര്യമില്ല. പക്ഷേ, പടത്തിന്റെ റിലീസിന്റെയന്ന് ഒരു പ്രസ് മീറ്റുണ്ട് അതിന് വരാമോ എന്ന് ചോദിച്ചപ്പോള്‍ ബിജു സമ്മതിക്കുകയും ചെയ്തു. ഞാന്‍ ചെയ്യുന്ന പടത്തിന് ഞാന്‍ തന്നെ പ്രൊമോഷന്‍ കൊടുക്കാറുണ്ട്. കാരണം, അതെന്റെ ഉത്തരവാദിത്തവും കടമയുമാണ്. എന്നെ വിശ്വസിച്ച് ഒരു പ്രൊഡ്യൂസര്‍ വലിയൊരു തുക ഇന്‍വെസ്റ്റ് ചെയ്തിരിക്കുകയാണ്.

സിനിമയില്‍ ബാക്കി എല്ലാവര്‍ക്കും പൈസ ഇങ്ങോട്ട് കിട്ടുമ്പോള്‍ പ്രൊഡ്യൂസര്‍ക്ക് മാത്രം പൈസ ചെലവാകുകയാണ് ചെയ്യുന്നത്. അതിന് നമ്മള്‍ നമ്മുടെ കടമ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. മൂന്ന് ദിവസം അടുപ്പിച്ച് ഇന്റര്‍വ്യൂ കൊടുത്ത അനുഭവമുണ്ട്. ഏതാണ്ട് 15 ചാനലിന് ഇന്റര്‍വ്യൂ കൊടുത്ത് കഴിഞ്ഞപ്പോഴേക്ക് നാക്കൊക്കെ കുഴഞ്ഞ് ഒരു പരുവമായി. പറഞ്ഞ കാര്യം തന്നെയാണ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്,’ ജീത്തു പറയുന്നു.

അത് താന്‍ നോക്കിയിട്ട് കാര്യമില്ലെന്നും അതൊക്കെ ചെയ്യാന്‍ ബാധ്യസ്ഥനാണെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറയുന്നു. സംവിധായകന്‍ മാത്രമല്ല, സിനിമയുടെ ടെക്‌നീഷ്യനും അഭിനേതാക്കളുമെല്ലാം നിര്‍മാതാക്കള്‍ വിളിച്ചാല്‍ ചെല്ലണമെന്നും ജീത്തു ജോസഫ് പറഞ്ഞു. അതാണ് അതിന്റെ ശരിയെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ജീത്തു ജോസഫ് Photo: Screen grab/ Cine ulagam

‘ചിലര്‍ക്ക് ഇന്റര്‍വ്യൂവിന് എങ്ങനെ പെരുമാറണമെന്ന് അറിയാത്തതുകൊണ്ട് അതിന് പോകാറില്ല. അധികം ആരോടും സംസാരിക്കാത്തവരായിക്കും അവര്‍. പിന്നെ ഇപ്പോഴത്തെ കാലത്ത് എന്തെങ്കിലും അബദ്ധം വായില്‍ നിന്ന് വീണാല്‍ പിന്നെ അത് വാര്‍ത്തയാകും. ഈ പേടിയൊക്കെ കൊണ്ടാണ് പലരും പ്രൊമോഷന് പോകാത്തതെന്ന് ഞാന്‍ കരുതുന്നു,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph about movie promotions

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം