മിറാഷ് പരാജയപ്പെട്ടതിന്റെ കാരണം ഞാന്‍; പ്രേക്ഷകര്‍ക്ക് എന്റെ സിനിമയെ പറ്റി വലിയ പ്രതീക്ഷകളാണ്: ജീത്തു ജോസഫ്
Malayalam Cinema
മിറാഷ് പരാജയപ്പെട്ടതിന്റെ കാരണം ഞാന്‍; പ്രേക്ഷകര്‍ക്ക് എന്റെ സിനിമയെ പറ്റി വലിയ പ്രതീക്ഷകളാണ്: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th November 2025, 3:22 pm

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഈ സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് മിറാഷ്. ശ്രീനിവാസന്‍ അബ്രോളും ജീത്തു ജോസഫും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രത്തില്‍ ആസിഫ് അലിയും അപര്‍ണ ബാലമുരളിയുമാണ് പ്രധാന വേഷത്തിലെത്തിയത് സിനിമ തിയേറ്ററില്‍ പരാജയമായിരുന്നു.ഒ.ടി.ടി. റിലീസിന് ശേഷവും സിനിമ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് മനസ് തുറക്കുകയാണ് ജീത്തു ജോസഫ്. സിനിമ വര്‍ക്കാവാതെ പോയതിന്റെ കാരണം താനായിരിക്കുമെന്നും പ്രേക്ഷകര്‍ക്ക് തന്റെ സിനിമയെ പറ്റി വലിയ പ്രതീക്ഷകളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്‌ക്രീനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

‘മിറാഷ് പ്രേക്ഷകര്‍ക്ക് വര്‍ക്കാവാതെ പോയതിന് പല കാരണങ്ങളുണ്ട്. എന്നാല്‍ അതിന്റെ പ്രധാനകാരണം ഞാന്‍ തന്നെയാണ്. കാരണം എന്റെ സിനിമകള്‍ വരുമ്പോള്‍ എല്ലാവര്‍ക്കും ഒരു പ്രതീക്ഷയുണ്ട്. കുറെ പേര്‍ പറഞ്ഞു, ഇതിലെ സസ്‌പെന്‍സ് പ്രഡിക്ടബിളായിരുന്നുവെന്ന്. എനിക്ക് കിട്ടിയത് അധികവും സമ്മിശ്ര പ്രതികരണങ്ങളായിരുന്നു.

പലരുമായിട്ട് സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നത്, എന്റെ സിനിമയില്‍ ട്വിസ്റ്റ് എവിടെ, എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ഒരു വാശി എപ്പോഴും ഉണ്ടാകുമെന്നാണ്. ‘അങ്ങനെയൊരു വാശിയിലിരിക്കാതെ സിനിമ സിനിമയായിട്ട് കാണാനാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്.

ട്വിസ്റ്റ്, സസ്‌പെന്‍സ് ഇതൊന്നും അല്ലാതെ സിനിമയുടെ പേരിനോട് നീതി പുലര്‍ത്തി കൊണ്ടാണ് തങ്ങള്‍ മിറാഷ് ചെയ്തതെന്നും മിറാഷ് എന്ന പേരാണ് സിനിമയുടെ ഹൈലൈറ്റെന്നും ജീത്തു പറഞ്ഞു.

സിനിമയില്‍ ട്വിസ്റ്റ് കൂടി പോയെന്നായിരുന്നു ഒട്ടുമിക്ക പ്രേക്ഷകരും മിറാഷിനെ പറ്റി പറഞ്ഞത്. കുറേ ട്വിസ്റ്റുകള്‍ ഉണ്ടെന്നല്ലാതെ അവയ്ക്ക് യാതൊരു തരത്തിലുള്ള ഇംപാക്ടും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന അഭിപ്രായങ്ങളും ഉണ്ടായിരുന്നു. കഥയ്ക്ക് പകരം ആദ്യം ട്വിസ്റ്റുകള്‍ എഴുതി പിന്നീട് ട്വിസ്റ്റുകള്‍ അവതരിപ്പിക്കാന്‍ ഒരു സ്‌ക്രിപ്റ്റ് എഴുതിയത് പോലെയാണ് തോന്നിയതെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.

Content highlight: Jeethu Joseph about  Mirage movie’s failure