മൈത്രേയന്‍, ശാന്തിവിള ദിനേഷ്, സന്തോഷ് ജോര്‍ജ് കുരുവിള, ഇവരുടെ വീഡിയോസാണ് ഞാന്‍ കൂടുതലായും കാണാറുള്ളത്: ജീന്‍ പോള്‍ ലാല്‍
Malayalam Cinema
മൈത്രേയന്‍, ശാന്തിവിള ദിനേഷ്, സന്തോഷ് ജോര്‍ജ് കുരുവിള, ഇവരുടെ വീഡിയോസാണ് ഞാന്‍ കൂടുതലായും കാണാറുള്ളത്: ജീന്‍ പോള്‍ ലാല്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 14th July 2026, 5:46 pm

വളരെ പതിയെ എങ്കിലും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടിയെടുത്ത അഭിനേതാവും സംവിധായകനുമാണ് ജീന്‍ പോള്‍ ലാല്‍. സംവിധായകനായി മലയാള സിനിമയിലെത്തിയ ജീന്‍ പോള്‍ ലാല്‍ ഹണി ബീ എന്ന ആസിഫ് അലി നായകനായ ചിത്രത്തിലൂടെയാണ് തന്റെ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഹൈ ഐ ആം ടോണി, ഡ്രൈവിങ് ലൈസന്‍സ്, നടികര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം സംവിധായകനെന്ന നിലയില്‍ തന്റെ സ്ഥാനം ജീന്‍ അരക്കിട്ട് ഉറപ്പിച്ചിരുന്നു.

2019ല്‍ പുറത്തിറങ്ങിയ അണ്ടര്‍വേള്‍ഡ് എന്ന ആസിഫ് അലി ചിത്രത്തിലെ സോളമന്‍ എന്ന വില്ലന്‍ കഥാപാത്രമായി താരം അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം വലിയ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു കഴിഞ്ഞ മാസം തിയേറ്ററുകളിലേക്കെത്തിയ ബാലന്‍ ദി ബോയിലേത്. ചിത്രത്തില്‍ പവിത്രന്‍ എന്ന പൊലീസുകാരനായിട്ടായിരുന്നു താരം വേഷമിട്ടത്.

ജീന്‍ പോള്‍ ലാല്‍. Photo: Screen Grab/ Cue Studio/ Youtube.com

ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ ഒഴിവ് സമയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യാറുള്ളവരെ കുറിച്ച് ജീന്‍ പോള്‍ ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സ്‌ട്രെസ് റിലീഫാകുന്ന വീഡിയോകളെ കുറിച്ച് ജീന്‍ സംസാരിച്ചത്.

‘എന്നെ റെഗുലേറ്റ് ചെയ്യുന്നത് സന്തോഷ് ജോര്‍ജ് കുളങ്ങര, മൈത്രേയന്‍, ശാന്തിവിള ദിനേശ് ഇവരുടെ മൂന്ന് പേരുടെയും വീഡിയോസാണ്. പിന്നെ നാച്ച്വര്‍ വീഡിയോസും കാണാനാണ് ഇഷ്ടം. എന്റെ സമാധാനത്തിന് ഞാന്‍ സന്തോഷേട്ടനോട് ഒരുപാട് കടപ്പെട്ടിരിക്കുകയാണ്. കാരണം ഞാന്‍ എന്റെ ഏറ്റവും മോശം കാലം തൊട്ട് ഇന്നത്തെ എന്റെ നല്ല സമയം വരെ ഞാന്‍ ഗ്യാപ്‌സ് ഫില്‍ ചെയ്യാന്‍ ഉപയോഗിക്കുന്നത് സന്തോഷേട്ടന്റെ വീഡിയോയിലൂടെയാണ്.

ബാലന്‍ ദി ബോയി. Photo: X.com

ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് വെക്കുന്ന വീഡിയോയും എഴുന്നേറ്റ ഉടനെ വെക്കുന്ന വീഡിയോയും സന്തോഷേട്ടന്റെ വീഡിയോയാണ്. ഇടയ്ക്ക് ദിനേഷേട്ടന്റെ വീഡിയോയും വെയ്ക്കും. ഇതൊക്കെ എന്നെ റെഗുലേറ്റ് ചെയ്യുന്ന കാര്യങ്ങളാണ്. സന്തോഷേട്ടന്റെ പരിപാടികളിലെ വോയിസ് ഭയങ്കര സൂതിങ് ആണ്. അത് കേട്ട് എനിക്ക് പെട്ടെന്ന് ഉറങ്ങാന്‍ പറ്റും. അത് പോലെ തന്നെയാണ് ലാല്‍ ജോസ് ടോക്ക്‌സും,’ ജീന്‍ പറഞ്ഞു.

Content Highlight: Jean Paul Lal talks about his Favorite social media videos

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.