കാത്തിരുന്നത് 12 വര്‍ഷം കളിച്ചത് രണ്ടാമത് മാത്രം ടെസ്റ്റ്, ഒടുവില്‍ കപ്പുയര്‍ത്തി സൂപ്പര്‍ താരം
Sports News
കാത്തിരുന്നത് 12 വര്‍ഷം കളിച്ചത് രണ്ടാമത് മാത്രം ടെസ്റ്റ്, ഒടുവില്‍ കപ്പുയര്‍ത്തി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th December 2022, 3:48 pm

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടും ടെസ്റ്റും വിജയിച്ചായിരുന്നു ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ കാണിച്ച ആ ഡൊമിനന്‍സ് രണ്ടാം മത്സരത്തില്‍ ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയെ സംബന്ധിച്ച് ചെറിയ വിജയലക്ഷ്യമായിട്ടുപോലും അല്‍പം പണിപ്പെട്ടാണ് ഇന്ത്യ മത്സരം ജയിച്ചത്.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റര്‍മാര്‍ ആകെ നിരാശപ്പെടുത്തുകയായിരുന്നു. ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും പാടെ നിരാശപ്പെടുത്തിയപ്പോള്‍ അവസാന സ്ഥാനങ്ങളിലിറങ്ങിയ അശ്വിനും ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത്.

ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര, ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി, യുവതാരങ്ങായ ശുഭ്മന്‍ ഗില്‍, റിഷബ് പന്ത് തുടങ്ങിയവരെല്ലാവരും പത്തിന് താഴെ മാത്രം റണ്‍സ് നേടി പുറത്തായപ്പോള്‍ നാല് താരങ്ങള്‍ മാത്രമായിരുന്നു ഇരട്ടയക്കം കണ്ടത്. അതില്‍ ഒരാള്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം ഇന്ത്യന്‍ ജേഴ്‌സിയില്‍ ടെസ്റ്റ് കളിക്കുന്ന ജയദേവ് ഉനദ്കട്ടും.

2010ല്‍ തന്റെ അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഉനദ്കട് ശേഷം ഇന്ത്യക്കായി അടുത്ത ടെസ്റ്റ് കളിക്കുന്നത് 2022ലാണ്. താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

എന്നാല്‍ ബൗളിങ്ങില്‍ മികച്ച പ്രകടനം തന്നെയായിരുന്നു ഉനദ്കട് നടത്തിയത്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 16 ഓവറില്‍ രണ്ട് മെയ്ഡിന്‍ ഉള്‍പ്പെടെ 50 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റായിരുന്നു ഉനദ്കട് സ്വന്തമാക്കിയത്.

ഒന്നാം ഇന്നിങ്‌സില്‍ 32 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയുള്‍പ്പെടെ പുറത്താകാതെ 14 റണ്‍സും ഉനദ്കട് സ്വന്തമാക്കിയിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ബൗളിങ്ങിലെ പ്രകടനം താരം മെച്ചപ്പെടുത്തിയിരുന്നു. ഒമ്പത് ഓവറില്‍ മൂന്ന് മെയ്ഡിന്‍ ഉള്‍പ്പെടെ 17 റണ്‍സ് വഴങ്ങി ഒരു വിക്കറ്റായിരുന്നു ഉനദ്കട് സ്വന്തമാക്കിയത്. 1.89 ആയിരുന്നു താരത്തിന്റെ രണ്ടാം ഇന്നിങ്‌സിലെ എക്കോണമി. ഇന്ത്യന്‍ നിരയിലെ മികച്ച എക്കോണമിയാണിത്. രണ്ടാം ഇന്നിങ്‌സില്‍ 16 പന്തില്‍ നിന്നും 13 റണ്‍സും താരം സ്വന്തമാക്കിയിരുന്നു.

പരമ്പര വിജയത്തിന് പിന്നാലെ ട്രോഫിയേറ്റുവാങ്ങിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും പന്തും ചേർന്ന് അത് ഉനദ്കട്ടിന് നല്‍കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ ട്രോഫികള്‍ പലപ്പോഴായി ഉയര്‍ത്തിയ താരം ആദ്യമായി ഇന്ത്യക്ക് വേണ്ടി ഒരു ട്രോഫി ഉയര്‍ത്തി.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ സാധ്യതകള്‍ സജീവമാക്കാനും ഇന്ത്യക്ക് സാധിച്ചു. ഇനിയുള്ള നാല് ടെസ്റ്റില്‍ മൂന്നെണ്ണം വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാം.

 

Content highlight: Jaydev Unadkat lifts the trophy in India vs Bangladesh test series