ചരിത്രത്തിലെ മികച്ച ഫുട്ബോളർക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി നെയ്മർ? അന്ധാളിച്ച് ആരാധകർ
football news
ചരിത്രത്തിലെ മികച്ച ഫുട്ബോളർക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി നെയ്മർ? അന്ധാളിച്ച് ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th December 2022, 3:16 pm

ലോകകപ്പ് ഫുട്ബോൾ മാമാങ്കം അവസാനിക്കുമ്പോൾ 2022 ലെ വിവിധ ഫുട്ബോൾ പുരസ്കാരങ്ങൾ അത് കരസ്ഥമാക്കിയ താരങ്ങൾക്ക് ബന്ധപ്പെട്ട പുരസ്കാര ദാതാക്കൾ നൽകി വരികയാണ്.

ഗോൾഡൻ ഫൂട്ട് പുരസ്‌കാരം അടുത്തിടെ ലെവൻഡോവ്സ്കി സ്വന്തമാക്കിയിരുന്നു. ഇനി ബാലൻ ഡി ഓർ പുരസ്കാരമാണ് അടുത്തതായി പ്രഖ്യാപിക്കപ്പെടാനുള്ള പ്രധാന ഫുട്ബോൾ അനുബന്ധമായ പുരസ്കാരം.

എന്നാലിപ്പോൾ പ്രമുഖ അമേരിക്കൻ ബിയർ ബ്രാൻഡായ ബഡ്വൈസർ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് പ്രഖ്യാപിച്ചതും അത് നെയ്മർ ഏറ്റുവാങ്ങുന്ന ഫോട്ടോയും സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

എന്നാൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് എങ്ങനെ നെയ്മർക്ക് ലഭിക്കുമെന്നും. ഫുട്ബോൾ ചരിത്രത്തിൽ നിരവധി ഇതിഹാസങ്ങൾ ഉള്ളപ്പോൾ പുരസ്കാരം സ്വന്തമാക്കാൻ മാത്രം എന്ത് നേട്ടമാണ് നെയ്മർ സ്വന്തമാക്കിയതെന്നുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.

എന്നാലിപ്പോൾ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നെയ്മർ. ബ്രസീലിന്റെ ഇതിഹാസ താരമായ പെലെക്കാണ് ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസ താരത്തിനുള്ള പുരസ്കാരം ലഭ്യമായത്. എന്നാൽ അദ്ദേഹം ക്യാൻസർ ബാധിതനായി ആശുപത്രിയിൽ തുടരുന്നതിനാൽ നെയ്മർ പെലെക്ക് പകരക്കാരനായി പുരസ്കാരം ഏറ്റുവാങ്ങാൻ എത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

പുരസ്കാരം പെലെക്ക് പകരം ഏറ്റുവാങ്ങാൻ സാധിച്ചത് വലിയ സന്തോഷമുള്ള കാര്യമാണെന്നും. ഒരു ചരിത്ര നിയോഗത്തിന്റെ ഭാഗമായതിൽ അഭിമാനം തോന്നുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയിൽ അദ്ദേഹം അറിയിച്ചു.

കാൻസർ ബാധിതനായ പെലെ സാവോപോളോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം അമേരിക്കൻ ബിയർ കമ്പനിയായ ബഡ്വൈസർ കഴിഞ്ഞ തവണത്തെ ഫിഫ ലോകകപ്പിലെ ഔദ്യോഗിക സ്പോൺസർമാരിൽ ഒന്നായിരുന്നു.

പെലെക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയതിൽ നെയ്മർക്ക് നന്ദിയറിയിച്ച് പെലെയുടെ മകൾ കെല്ലി നസിമെന്റോ രംഗത്തെത്തിയിരുന്നു. തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയാണ് കെല്ലി നെയ്മർക്ക് നന്ദി അറിയിച്ചത്.

അതേസമയം ലോകകപ്പ് ആരവം അവസാനിച്ചതോടെ നെയ്മർ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ലീഗ് വൺ, ചാമ്പ്യൻസ് ലീഗ് എന്നീ ടൂർമെന്റുകൾ കളിക്കാനാണ് നെയ്മർ പി. എസ്.ജിക്കൊപ്പം പരിശീലിക്കുന്നത്.

 

Content Highlights:Neymar received the award for the best footballer in history? fans are shocked