ചതിക്കാത്ത ചന്തു, 3 കിങ്സ്, സ്വപ്നക്കൂട്, പുലിവാൽ കല്യാണം, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ജയസൂര്യ. നായക വേഷത്തിനു പുറമേ സഹനടനായും വില്ലനായും ഹാസ്യതാരമായും അഭിനയിച്ച് പ്രേക്ഷകരെ അമ്പരപ്പിക്കാനും പ്രേക്ഷക പ്രീതി നേടിയെടുക്കാനും തന്റെ വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ താരത്തിന് സാധിച്ചിട്ടുണ്ട്.
ഹ്യൂമറസ് വേഷങ്ങൾ ചെയ്യാൻ കുറെ കാലമായ് താൻ കാത്തിരിക്കുകയായിരുന്നുവെന്നും അപ്പോഴാണ് ടൈറ്റൻസിന്റെ കഥ കേൾക്കുന്നതെന്നും ചിത്രത്തിലെ സീരിയസ് കഥാപാത്രത്തെ ഹ്യൂമറാക്കി മാറ്റുകയായിരുന്നെന്നും ജയസൂര്യ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
‘ഒരു ഹ്യൂമർ പരിപാടി ചെയ്യാൻ കൊതിയായിട്ടിരിക്കുകയായിരുന്നു. എന്റെ ക്ലോസ് ഫ്രണ്ട്സൊക്കെ കഥ പറയാൻ വരുമ്പോൾ അത് വർക്കായില്ലെങ്കിൽ എന്തേലും ഹ്യൂമർ പരിപാടി കൊണ്ടുവരാൻ ഞാൻ പറയുമായിരുന്നു. ടൈറ്റൻസ് ആദ്യം പ്ലാൻ ചെയ്തത് സീരിയസ് പരിപാടിയായിട്ടായിരുന്നു. സിനിമയിലെ ആന്റണി എന്ന കഥാപാത്രം വളരെ സീരിയസായ ആളായിരുന്നു.

ടൈറ്റൻസ്.Photo.Screen Grab/Youtube.com
സിനിമയിൽ ഒരു ഗുണ്ടയുണ്ട്. ആ ഗുണ്ടയുടെ കൂടെ നിൽക്കുന്ന ആളാണ് ആന്റണി. അപ്പോൾ അയാളെ സട്ടിലായിട്ടു പിടിക്കാമെന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. പിന്നീട് അയാളെ ഹ്യൂമറായിട്ട് പിടിക്കാമെന്ന് പറഞ്ഞ് നടന്ന ഹെൽത്തി ഡിസ്കഷനിൽ നിന്നാണ് ക്യാരക്ടറൈസേഷൻ ഇങ്ങനെയാക്കാമെന്ന് തീരുമാനിച്ചത്.’ താരം പറഞ്ഞു.
ആട് 3 ചെയ്തെങ്കിലും അതിലെ രണ്ടാം ഭാഗം പോലെ അത്രയും കോമഡി 3ൽ ചെയ്യാനില്ലായിരുന്നെന്നും അതുകൊണ്ടാണ് ഹ്യൂമറസ് ചെയ്യാൻ താൻ ഭയങ്കരമായ് ആഗ്രഹിച്ചതെന്നും താരം കൂട്ടിച്ചേർത്തു. വന്ന കഥകളെല്ലാം ഇന്റെൻസായിട്ടുള്ള കഥകളായതിനാൽ അതിൽ നിന്ന് ചൂസ് ചെയ്യാനേ അപ്പോൾ കഴിയുമായിരുന്നുള്ളുവെന്നും നടൻ പറഞ്ഞു.
ഒക്ടോബർ 22ന് തിയേറ്ററിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിൻസ് ജോയാണ്. അനുഗ്രഹീതൻ ആന്റണിക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഫാന്റസി കോമഡി-ത്രില്ലർ ഴോണറിൽ പെട്ട സിനിമയിൽ ജയസൂര്യക്ക് പുറമേ വിനായകനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബേബി ജീൻ, നിഹാൽ നിസാം, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, സണ്ണി വെയ്ൻ, മണികണ്ഠൻ ആർ. ആചാരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
Content Highlight: Jayasurya stated that he had been longing to do humor and added that the serious character in Titans had been turned into a humorous one.
