മമ്മൂട്ടി മോഹന്‍ലാല്‍ എന്ന രണ്ട് വടവൃക്ഷങ്ങള്‍ക്ക് ഇടയിലേക്കാണ് പത്മരാജന്‍ സര്‍ എന്നെ കൊണ്ടുവന്നത്, പിന്നെ പതിനഞ്ച് വര്‍ഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല: ജയറാം
മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആരെയാണ് ഇഷ്ടമെന്ന ചോദ്യത്തിന് ഭൂരിഭാഗം മലയാളി പ്രേക്ഷകരുടെയും ഉത്തരമായിരിക്കും ജയറാം. മിമിക്രിയിലൂടെ മലയാള സിനിമയിലെത്തിയ താരം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി മലയാളത്തിലെന്ന പോലെ തെന്നിന്ത്യന്‍ സിനിമയിലും സജീവമാണ്. പത്മരാജന്‍ സംവിധാനം ചെയ്ത അപരനിലൂടെ സിനിമയിലേക്കെത്തിയ താരം മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍, റിഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ വണ്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളില്‍ ഭാഗമായിരുന്നു.
ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ സംവിധായകനായ പത്മരാജന്റെ ചിത്രത്തിലൂടെ സിനിമയില്‍ എത്തിയതിനെക്കുറിച്ചും പിന്നീട് മലയാളത്തിലെ പ്രധാനപ്പെട്ട നടന്മാരില്‍ ഒരാളായി മാറിയതിനെക്കുറിച്ചും ജയറാം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തമിഴ് യൂട്യൂബ് ചാനലായ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്.
‘1988 ല്‍ പത്മരാജന്‍ സാറിന്റെ കൂടെയാണ് ഞാന്‍ സിനിമയിലേക്കെത്തിയത്. ആ സമയത്ത് മലയാളത്തില്‍ രണ്ടേ രണ്ട് സൂപ്പര്‍ താരങ്ങളേയുള്ളൂ. മമ്മൂട്ടിയും മോഹന്‍ലാലും. എല്ലാ വലിയ സംവിധായകരും അവരെ വെച്ചാണ് സിനിമ ചെയ്ത് കൊണ്ടിരുന്നത്. അന്ന് വലിയ നിര്‍മാതാവായിരുന്ന ഹരി പോത്തനും ഡിസ്ട്രിബ്യൂട്ടേഴ്‌സായ തോംസണ്‍ ഫിലിംസുമായിരുന്നു പുതിയ ഒരാളെ വെച്ച് സിനിമയെടുക്കാന്‍ മുന്നോട്ട് വന്നത്.
എന്റെ ഒരു മിമിക്രി കാസറ്റ് കണ്ടിട്ടാണ് എന്നെ ചിത്രത്തിലേക്ക് സെലക്ട് ചെയ്തത്. അത്തരത്തിലൊരു വലിയ സംവിധായകനൊപ്പം അരങ്ങേറാന്‍ സാധിച്ചതുകൊണ്ട് അതിന് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അപരന് ശേഷം വലിയ വലിയ സംവിധായകരായ കമല്‍, സത്യന്‍ അന്തിക്കാട്, ഐ.വി.ശശി, സിബി മലയില്‍ തുടങ്ങി എല്ലാവരുടെയും പടത്തില്‍ എനിക്ക് അവസരം ലഭിച്ചു,’ ജയറാം പറഞ്ഞു.
ആദ്യ പടത്തിനു ശേഷം ഒരു പത്ത് പതിനഞ്ചു വര്‍ഷത്തേക്ക് തനിക്കൊന്നും നോക്കേണ്ടി വന്നിട്ടില്ലെന്നും ഒരു പത്ത് പടം ചെയ്താല്‍ അതില്‍ എട്ട് പടവും ഹിറ്റാണെന്നും താരം പറഞ്ഞു. മമ്മൂട്ടി മോഹന്‍ലാല്‍ എന്ന രണ്ട് വടവൃക്ഷങ്ങളുടെ ഇടയിലേക്കാണ് തമാശ നിറഞ്ഞ കുടുംബ ചിത്രങ്ങളുമായി താന്‍ കടന്നുവന്നതെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.
അപ്പുവിന്റെ വീട് എന്റെയും, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയറാമും മകന്‍ കാളിദാസ് ജയറാമും ഒന്നിക്കുന്ന ആശകള്‍ ആയിരമാണ് താരത്തിന്റെ പുതിയ ചിത്രം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ആശാ ശരത്, ഇഷാനി കൃഷ്ണ, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Jayaram Talks about his entry into Malayalam cinema
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.