ആ കാത്തിരിപ്പിനിടയിലാണ് നായകതുല്യമല്ലാത്ത സിനിമകള്‍ ചെയ്തത്: ജയറാം
Malayalam Cinema
ആ കാത്തിരിപ്പിനിടയിലാണ് നായകതുല്യമല്ലാത്ത സിനിമകള്‍ ചെയ്തത്: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th July 2025, 6:30 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജയറാം. ഒരു കാലത്ത് മലയാളത്തില്‍ ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച നടന്‍ ഇപ്പോള്‍ മലയാള സിനിമകളുടെ ഭാഗമാകുന്നത് വളരെ കുറവാണ്. അതേസമയം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അപ്രധാനമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുമുണ്ട്.

2024ല്‍ ഇറങ്ങിയ അബ്രഹാം ഓസ്‌ലര്‍ ആണ് ജയറാം നായകനായ അവസാന മലയാള സിനിമ. എന്നാല്‍ ഈയിടെ ആയിരുന്നു ജയറാമും മകന്‍ കാളിദാസ് ജയറാമും ഒരു മലയാള സിനിമക്കായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നത്.

ജൂഡ് ആന്തണി ജോസഫും അരവിന്ദ് രാജേന്ദ്രനും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ആശകള്‍ ആയിരം എന്ന സിനിമയാണ് ഈ അച്ഛന്‍ – മകന്‍ കോമ്പോയില്‍ എത്തുന്നത്. ജി. പ്രജിത്ത് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജയറാം.

‘ആ സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങളെ കുറിച്ച് ചോദിച്ചാല്‍, ഞാനൊരു മലയാള സിനിമ ചെയ്തിട്ട് ഒന്നൊന്നര വര്‍ഷത്തിന് മുകളിലായി. അബ്രഹാം ഓസ്‌ലര്‍ എന്ന സിനിമയാണ് ഞാന്‍ അവസാനമായി ചെയ്തത്.

അതിനുശേഷം ആളുകള്‍ എന്തുകൊണ്ട് ഒരു മലയാള സിനിമ ചെയ്യുന്നില്ലെന്ന് ചോദിക്കാറുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല, മനസിന് 100 ശതമാനം തൃപ്തി വരുന്ന ഒരു സ്‌ക്രിപ്റ്റ് വരാത്തത് കൊണ്ട് തന്നെയാണ് അത്.

എന്നാല്‍ ആ ഇടവേളകളില്‍ എനിക്ക് കന്നഡ, തമിഴ്, തെലുങ്ക് മുതലായ ഭാഷകളില്‍ അപ്രധാനമല്ലാത്ത, നായകതുല്യമല്ലാത്ത ഒരുപാട് ഓഫറുകള്‍ ഉണ്ടായിരുന്നു. ആ സിനിമയാണ് ഇതിനിടയില്‍ ചെയ്തു കൊണ്ടിരുന്നത്.

നല്ല സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തന്നെയായിരുന്നു അത്. അപ്പോഴാണ് ജൂഡ് ആന്തണി വളരെ മനോഹരമായ ഈ തിരക്കഥയുമായി എത്തുന്നത്. ഞങ്ങള്‍ അച്ഛനും മകനും ചെയ്താല്‍ നല്ല ഗംഭീരമാകുമെന്ന് അദ്ദേഹം പറയുകയായിരുന്നു.

സ്‌ക്രിപ്റ്റ് വായിച്ച് കേട്ട ശേഷം അത്രയധികം സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. ഗോകുലം പോലെയുള്ള നല്ല ബാനറില്‍ ആ സിനിമ ചെയ്യാന്‍ സാധിച്ചതിലും വളരെ ഏറെ സന്തോഷം തോന്നുന്നുണ്ട്,’ ജയറാം പറയുന്നു.


Content Highlight: Jayaram Talks About Ashakal Aayiram, New Malayalam Movie With Kalidas Jayaram