കാന്താര കണ്ട് തന്നെ മമ്മൂട്ടി അഭിനന്ദിച്ചുവെന്ന് നടന്‍ ജയറാം. ഒക്ടോബര്‍ രണ്ടിനാണ് റിഷബ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റര്‍ വണ്‍ തിയേറ്ററുകളില്‍ എത്തിയത്. സിനിമയില്‍ രാജശേഖരന്‍ എന്ന രാജാവിന്റെ വേഷത്തിലാണ് ജയറാം എത്തിയിരുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ വിജയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നടന്‍ മമ്മൂട്ടിയുടെ സന്ദേശം പങ്കുവെച്ചത്.
‘ഞാനിപ്പോള്‍ വളരെ സന്തോഷത്തിലാണ്. ഒരു മിനിറ്റ് മുമ്പ് ഫോണ്‍ എടുത്ത് നോക്കിയപ്പോഴാണ് ഞാന്‍ ഒരുപാട് സന്തോഷിച്ചത്. മമ്മൂക്ക അഭിനന്ദിച്ച് മെസേജ് അയച്ചിരിക്കുന്നു. അദ്ദേഹം സിനിമ കണ്ട് എന്റെ അഭിനയത്തെ ഒരുപാട് പ്രശംസിച്ചു.
ഇതൊരു ബെഞ്ച്മാര്‍ക്കാണ്, കെ.ജി.എഫ് എന്നൊക്കെ പറയുന്നതു പോലെ. കെ.ജി.എഫ് പോലെ ആയിരം കോടി ക്ലബ്ബില്‍ കയറുന്ന സിനിമയില്‍ ഒരു മലയാളനടന്‍ ഭാഗമാകുന്നത് വളരെ അപൂര്‍വം ആണല്ലോ,’ ജയറാം പറഞ്ഞു.
കഴിഞ്ഞ ദിവസം റിഷബ് ഷെട്ടി തന്നെ കാന്താരയിലേക്ക് ക്ഷണിച്ചതിന്റെ ഓര്‍മകള്‍ ജയറാം പങ്കുവെച്ചിരുന്നു. അതേസമയം റിഷബ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച കാന്താര ചാപ്റ്റര്‍ വണ്‍ തിയേറ്ററുകളില്‍ അതിഗംഭീര മുന്നേറ്റം നടത്തുകയാണ്. വെറും രണ്ട് ദിവസം കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്നുമാത്രം നൂറ് കോടി കളക്ഷന്‍ സ്വന്തമാക്കി.