പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ക്ഷേത്രം തന്ത്രിയുടെ പങ്കില്‍ പ്രതികരണവുമായി സന്നിധാനത്തെ പഞ്ചലോഹ വിഗ്രഹം നിര്‍മിച്ചു നല്‍കിയ തട്ടാവിള കുടുംബത്തിലെ അംഗമായ ശില്‍പി മഹേഷ് പണിക്കര്‍.
ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നത് തന്ത്രിയില്‍ നിന്നാണെന്നും ദേവസ്വം ബോര്‍ഡ് ചട്ടങ്ങള്‍ പൂര്‍ണമായും മറികടന്നാണ് സ്‌പോണ്‍സര്‍ ശബരിമലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ജയറാം അടക്കമുള്ളവരുടെ പങ്കും അന്വേഷിക്കണമെന്നും ഏഷ്യാനെറ്റിലെ ചാനല്‍ ചര്‍ച്ചയില്‍ മഹേഷ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
‘മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ തന്ത്രി ജയിലില്‍ കിടക്കുന്നുണ്ടെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും കുറ്റക്കാരനായിരിക്കണം, അല്ലാത്തപക്ഷം അങ്ങനെ സംഭവിക്കില്ല. ശബരിമലയിലെ രണ്ട് തരം അഡ്മിനിസ്‌ട്രേഷന്‍, അതായത് ഭരണപരമായ കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡും ആചാരപരമായ കാര്യങ്ങള്‍ തന്ത്രിയും ചെയ്യുന്നു എന്ന് സൂചിപ്പിക്കുമ്പോഴും എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നത് തന്ത്രിയില്‍ നിന്നാണെന്ന് മറക്കരുത്.
ഏത് തരത്തിലുള്ള നിര്‍മാണങ്ങളുടെയും അറ്റകുറ്റ പണികളുടെയും തുടക്കം തന്ത്രിയില്‍ നിന്ന് തന്നെയാണ്. ശ്രീകോവിലെ സ്വര്‍ണത്തിന്റെ നിറം മങ്ങിയോ തുടങ്ങിയ കാര്യങ്ങളൊന്നും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് അറിയില്ല. വിഗ്രഹത്തിന്റെ കേടുപാടുകളോ കൊടിമരത്തിന്റെ കേടുപാടുകളോ ശ്രീകോവിലിന്റെ അറ്റകുറ്റ പണികളോ അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ആരംഭിക്കുന്നത് തന്ത്രിയില്‍ നിന്നാണ്. ഇതിന് ശേഷം മാത്രമാണ് അഡ്മിനിസ്‌ട്രേറ്റീവ് രീതിയിലേക്ക് കാര്യങ്ങള്‍ വരിക.
ദേവസ്വം ബോര്‍ഡിന് മരാമത്ത് വിഭാഗമെന്ന് ഒരു വിഭാഗമുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട് എന്ത് പ്രവൃത്തികള്‍ക്കും ആദ്യം ഒരു എസ്റ്റിമേറ്റ് ഉണ്ടാക്കും. ശേഷം ടെന്‍ഡര്‍ വിളിക്കുകയും ബിഡ്ഡിങ് നടന്ന ശേഷമായിരിക്കും ഇത് കരാറിലേക്കെത്തുക. അതാണ് അതിന്റെ രീതി. എന്നാല്‍ ഇതിനെ പൂര്‍ണമായും മറികടന്ന് ഇവര്‍ ഒരു സ്‌പോണ്‍സറെ കൊണ്ടുവരികയാണ് ചെയ്തത്,’ മഹേഷ് പണിക്കര്‍ പറയുന്നു.
സ്‌പോണ്‍സറെ കൊണ്ടുവന്നതാണ് ഈ കച്ചവടത്തിലെ ആദ്യ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
‘സ്‌പോണ്‍സറെ കൊണ്ടുവന്നതാണ് ഈ കച്ചവടത്തിലെ ആദ്യ സാധ്യത. എന്നിട്ടവര്‍ പഴയത് അടിച്ചുമാറ്റുന്നു, അത് വില്‍ക്കാന്‍ വില്‍പ്പനക്കാരനെ കണ്ടെത്തുന്നു. കാലാകാലാങ്ങളായി പുറത്ത് പൂജ നടത്തുന്ന സ്ഥലങ്ങളിലാണ് ഇവരുടെ കസ്റ്റമേഴ്‌സ്.
ഈ വിഷയത്തില്‍ ജയറാമിന്റെ പങ്കും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കാരണം അവിടെയാണ് ഈ തൊണ്ടിമുതല്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ആ പ്രദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെയും കൊണ്ടുവരുന്നത്,’ മഹേഷ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇതില്‍ ഉള്‍പ്പെട്ടവരെല്ലാം സവര്‍ണരാകുമ്പോള്‍ ചോദ്യമുനയില്‍ നിന്നും രക്ഷപ്പെടുകയാണെന്നും നിയമത്തിന് അതീതരാവുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
1900ങ്ങളിലാണ് ശബരിമലയില്‍ ബ്രാഹ്‌മണ പൂജ ആരംഭിച്ചതെന്നും അതുവരെ അവിടെ മലയരയരാണ് പൂജാകര്‍മങ്ങള്‍ നിര്‍വഹിച്ചതെന്നും മഹേഷ് പണിക്കര്‍ ചൂണ്ടിക്കാട്ടി. മലയരയനായ മധു ഒരുപിടി അരി മോഷ്ടിച്ചതിന് ആള്‍ക്കൂട്ടം വിചാരണ ചെയ്ത് കൊന്നുകളഞ്ഞു. എന്നാല്‍ ഇവിടെ തന്ത്രിയോ പോറ്റിയോ ജയറാമോ ആകുമ്പോള്‍ ഇവരെല്ലാം നിയമത്തിന് അതീതരാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയയം, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരെ എസ്.ഐ.ടി സംഘം കസ്റ്റഡിയില്‍ വാങ്ങും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളടക്കമുള്ള കേസിലെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് കസ്റ്റഡിയില്‍ വാങ്ങുക.
തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യതയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെത്.
തന്ത്രി ആചാരലംഘനത്തിനും ദേവസ്വം ബോര്‍ഡിന്റെ വസ്തുവകകള്‍ കൊണ്ടുപോകുന്നതിനും കൂട്ടുനിന്നു. താന്ത്രിക വിധി പാലിച്ചില്ല. കട്ടിള പ്പാളികള്‍ കൊണ്ടുപോകാന്‍ ഒത്താശ ചെയ്തു. ദേവന്റെ അനുജ്ഞ വാങ്ങിയില്ല. കട്ടിളപ്പാളികള്‍ കൈമാറിയപ്പോള്‍ തന്ത്രി തടഞ്ഞില്ലെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക ക്രമക്കേട്, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളും തന്ത്രിക്കെതിരെ ചുമത്തിയിട്ടുണ്ട്.
വകുപ്പ് 403 വസ്തുവകകള്‍ ദുരുപയോഗം ചെയ്യുക, 406 വിശ്വാസ വഞ്ചന, 409 സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ബാങ്കറോ വ്യാപാരിയോ അല്ലെങ്കില്‍ ഏജന്റോ നടത്തുന്ന വിശ്വാസ വഞ്ചന, 466 കോടതി രേഖകളിലോ പൊതുരജിസ്ട്രറിലോ വ്യാജ രേഖ ചമയ്ക്കല്‍, 467 വിലപ്പെട്ട രേഖകളോ വില്‍പത്രമോ വ്യാജമായി നിര്‍മ്മിക്കല്‍, 120 ബി ക്രിമിനല്‍ ഗൂഢാലോചന, 34 പൊതുവായ ഉദ്ദേശത്തിന് ഒന്നിലധികം പേര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും കണ്ഠരര് രാജീവിനെതിരെ ചുമത്തിയിട്ടുണ്ട്.
Content Highlight: Jayaram’s role in Sabarimala gold loot case should also be questioned: Sculptor Mahesh Panicker