15000 ആളുകള്‍ മാത്രം സംസാരിക്കുന്ന സംസ്‌കൃതത്തിന് 640 കോടി; മലയാളത്തിന് പൂജ്യം; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ജയറാം രമേഷ്
national news
15000 ആളുകള്‍ മാത്രം സംസാരിക്കുന്ന സംസ്‌കൃതത്തിന് 640 കോടി; മലയാളത്തിന് പൂജ്യം; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ജയറാം രമേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2023, 12:27 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രാദേശിക ഭാഷകളെ അവഗണിച്ച് സംസ്‌കൃതത്തെ പ്രൊമോട്ട് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഏറ്റവും കുറവ് ആളുകള്‍ സംസാരിക്കുന്ന ഭാഷയായ സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കാനായി 640 കോടി രൂപ ചെലവാക്കിയ സ്ഥലത്ത് മറ്റു ഭാഷകള്‍ക്കായി 50 കോടിപോലും നീക്കിവെച്ചില്ലെന്നാണ് ജയറാം രമേഷിന്റെ ആരോപണം.

അതില്‍ തന്നെ മലയാളത്തിനും ഒഡിയക്കുമായി ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചില്ലെന്നത് അംഗീകരിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കണക്കുകളെ ഉദ്ധരിച്ച് പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ദേശീയ ഭാഷ പദവി ലഭിച്ച തമിഴ്, മലയാളം, കന്നട, ഒഡിയ, തെലുങ്ക് എന്നീ ഭാഷകള്‍ക്ക് മുഴുവനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 30 കോടിയാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘കേവലം 15000 ആളുകള്‍ മാത്രമാണ് ഇന്ത്യയില്‍ സംസ്‌കൃതം സംസാരിക്കുന്നത്‌. സംസ്‌കൃതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി മറ്റുഭാഷകളെ അവഗണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. നമ്മള്‍ വലിയ അപകടത്തിലാണുള്ളതെന്ന് മനസിലാക്കണം.

ഫെബ്രുവരി 2020ല്‍ കേന്ദ്ര സംസ്‌കാരിക മന്ത്രി പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് 640 കോടിയാണ് സംസ്‌കൃത ഭാഷ പ്രൊമോട്ട് ചെയ്യാനായി ചെലവിട്ടത്. അതേസമയം തമിഴ് ഭാഷക്കായി നീക്കി വെച്ചത് വെറും 24 കോടി മാത്രമാണ്. 3 കോടി തെലുങ്കിനും കന്നടക്കും നല്‍കി.

എന്നാല്‍ മലയാളത്തിനും ഒഡിയക്കും വേണ്ടി ഒരു രൂപ പോലും മുടക്കിയിട്ടില്ല. കോടിക്കണക്കിന് ആളുകള്‍ സംസാരിക്കുന്ന മലയാളത്തിനും ഒഡിയക്കും വേണ്ടി ഒരൊറ്റ രൂപ പോലും ചെലവാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ കേവലം 15000 ആളുകള്‍ക്ക് വേണ്ടി ചെലവാക്കിയത് 640 കോടിയാണ്.

ഈ പ്രവണത മാറേണ്ടതുണ്ട്. തമിഴും കന്നടയും മലയാളവും ഒഡിയയും തെലുങ്കുമൊക്കെ കേവലം പ്രാദേശിക ഭാഷകളായല്ല മറിച്ച് ദേശീയ ഭാഷകളായാണ്‌ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഭാഷകള്‍ക്കിടയിലുള്ള വേര്‍തിരിവ് അംഗീകരിക്കാനാവില്ല,’ ജയറാം രമേഷ് പറഞ്ഞു.

Content Highlight: Jayaram ramesh talk about saskrit language in parliament