അതെന്തുകൊണ്ടാണ് സത്യന്‍ അന്തിക്കാടിനൊപ്പം പതിനേഴ് സിനിമകള്‍ എന്ന് അവര്‍ ചോദിച്ചപ്പോള്‍ എന്റെ മറുപടി ഇതായിരുന്നു: ജയറാം
Entertainment news
അതെന്തുകൊണ്ടാണ് സത്യന്‍ അന്തിക്കാടിനൊപ്പം പതിനേഴ് സിനിമകള്‍ എന്ന് അവര്‍ ചോദിച്ചപ്പോള്‍ എന്റെ മറുപടി ഇതായിരുന്നു: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th April 2022, 12:46 pm

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം. പത്മരാജന്‍ സംവിധാനം ചെയ്ത ‘അപരന്‍’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന ജയറാം പിന്നീടങ്ങോട്ട് ചെയ്ത ഓരോ കഥാപാത്രങ്ങളിലൂടെയും സിനിമാപ്രേമികളുടെ മനസ്സില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സിനിമയില്‍ ഇപ്പോഴും നില്‍ക്കാന്‍ സാധിക്കുന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ താരം.

”കഴിഞ്ഞ 34 വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ ഫാമിലി സിനിമകള്‍ മലയാളത്തില്‍ ചെയ്യാന്‍ ഭാഗ്യം കിട്ടിയ ഒരു നടനാണ് ഞാന്‍. പ്രത്യേകിച്ച് അതുപോലുള്ള സിനിമകള്‍ കഴിഞ്ഞ 34 വര്‍ഷങ്ങള്‍ക്ക് മുകളിലായി ചെയ്്ത് കൊണ്ടിരിക്കുന്ന സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കമല്‍, രാജസേനന്‍, പത്മരാജന്‍ സാര്‍, ഐ.വി. ശശി സാര്‍, ഭരതേട്ടന്‍ പോലുള്ള സംവിധായകരുടെ കൂടെ ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്.

എന്റെ തുടക്ക കാലഘട്ടത്തില്‍ സത്യന്‍ അന്തിക്കാടിന്റെ കൂടെ 1988ല്‍ പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമ മുതല്‍ തുടങ്ങിയതാണ്. ആ കാലം തൊട്ട്് സിനിമയില്‍ നിന്നുള്ള കുറച്ച് സപ്പോര്‍ട്ടേഴ്സ് എനിക്കുണ്ടായിരുന്നു. മാമുക്കോയ, ജഗതി ചേട്ടന്‍, ഇന്നസെന്റ് ചേട്ടന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, ശങ്കരാടി സാര്‍, ലളിത ചേച്ചി, ഫിലോമിന ചേച്ചി, കവിയൂര്‍ പൊന്നമ്മ ചേച്ചി തുടങ്ങിയവരുള്ള ഒരു റൗണ്ട് എബൗട്ട് എനിക്ക് ചുറ്റും ഉണ്ടായിരുന്നു.

അവരൊക്കെ എന്നെ ലാളിച്ച് കൊണ്ടുവന്നു. അതാണ് തുടക്കകാലത്തെ എന്റെ ഏറ്റവും വലിയ വിജയം എന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്.

ഒരിക്കലും അന്ന് ഓടിയ സിനിമകള്‍ എന്റെ വിജയം കൊണ്ടാണെന്ന് വിചാരിച്ചിട്ടില്ല. അതുപോലുള്ള സിനിമകളുടെ ഭാഗമാവാന്‍ പറ്റിയത്, എന്നും മലയാളികള്‍ ഓര്‍ക്കുന്ന അതുല്യ പ്രതിഭകളുടെ കൂടെ സ്‌ക്രീനില്‍ ഉണ്ടായതൊക്കെയാണ് ഏറ്റവും വലിയ മഹാഭാഗ്യം.

അതുപോലുള്ള സിനിമകളുടെ ഭാഗമായത് കൊണ്ടാവാം ഒരുപക്ഷേ ഇത്രയും വര്‍ഷം കഴിഞ്ഞ് ഇപ്പോഴും സിനിമയില്‍ നില്‍ക്കാന്‍ സാധിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുളളത്. അല്ലാതെ ഒരു ശതമാനം പോലും എന്റെതായിട്ടുള്ള കഴിവ് കൊണ്ടാണെന്ന് ഞാന്‍ വിചാരിക്കാറില്ല,” ജയറാം പറഞ്ഞു.

സത്യന്‍ അന്തിക്കാടിനൊപ്പം ചേര്‍ന്നുള്ള ജയറാമിന്റെ പതിനേഴാമത്തെ സിനിമയാണ് റിലീസിനൊരുങ്ങുന്ന മകള്‍. ഒരുമിച്ച് 17 സിനിമകള്‍ ചെയ്തതിനെക്കുറിച്ചും അഭിമുഖത്തില്‍ ജയറാം സംസാരിച്ചു.

”എനിക്ക് തോന്നുന്നു സത്യന്‍ അന്തിക്കാടിന്റെ കൂടെ പതിനേഴാമത്തെ സിനിമയാണ് റിലീസാവുന്നത്. ഇപ്പോള്‍ ഞാന്‍ കുറെ തെലുങ്ക് സിനിമകള്‍ ചെയ്യുന്നുണ്ട്. രവി തേജയുടെ കൂടെയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിന്റെ സെറ്റില്‍ വെച്ച് പുതിയ സംവിധായകനോട് സത്യന്‍ അന്തിക്കാടിനൊപ്പം പതിനേഴാമത്തെ മലയാള സിനിമ റിലീസ് ചെയ്യാന്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അതിശയമായിരുന്നു.

അതെന്ത് കൊണ്ടാണ് പതിനേഴ് സിനിമകള്‍ എന്ന് ചോദിച്ചപ്പോള്‍ ബാക്കി പതിനാറ് സിനിമകളും വിജയമായത് കൊണ്ടാണ് പതിനേഴാമത്തെ സിനിമ എന്ന് ഞാന്‍ പറഞ്ഞു,” ജയറാം കൂട്ടിച്ചേര്‍ത്തു.

ജയറാമും മീര ജാസ്മിനും പ്രധാന കഥാപാത്രങ്ങളായി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ റിലീസിനൊരുങ്ങിയിരിക്കുകയാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മകള്‍. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട ദമ്പതികളുടെയും അവരുടെ മകളുടെയും കഥയാണ് മകള്‍ പറയുന്നത്.

ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, കെ.പി.എ.സി ലളിത, ശ്രീനിവാസന്‍, നസ്‌ലന്‍ കെ. ഗഫൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. പശ്ചാത്തലസംഗീതം രാഹുല്‍ രാജ്. ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയാണ്. ഏപ്രില്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

Content Highlight: Jayaram about his previous movies and next film Makal with Sathyan Anthikkad