അന്നെനിക്ക് വിവരമില്ലായിരുന്നു; റീറിലീസ് ചെയ്താല്‍ ജോണി വാക്കറില്‍ മാറ്റം കൊണ്ടുവരും: ജയരാജ്
Malayalam Cinema
അന്നെനിക്ക് വിവരമില്ലായിരുന്നു; റീറിലീസ് ചെയ്താല്‍ ജോണി വാക്കറില്‍ മാറ്റം കൊണ്ടുവരും: ജയരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th August 2025, 7:41 pm

തന്റെ സിനിമകളുടെ വേഴ്‌സറ്റാലിറ്റി കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് ജയരാജ്. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഒറ്റാല്‍, ദേശാടനം എന്നീ സിനിമകളള്‍ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

ജയരാജ് സംവിധാനം ചെയ്ത സിനിമകളില്‍ ഇന്നും ഒരുപാട് ആരാധകരുള്ള ചിത്രമാണ് ജോണി വാക്കര്‍. മമ്മൂട്ടിയെ അതുവരെ കാണാത്ത തരത്തില്‍ സ്‌റ്റൈലിഷായി അവതരിപ്പിക്കാന്‍ ഈ ചിത്രത്തിലൂടെ ജയരാജിന് സാധിച്ചിരുന്നു. 35 വര്‍ഷത്തെ തന്റെ കരിയറില്‍ റിഗ്രെറ്റ് തോന്നിയിട്ടുള്ളത് ജോണി വാക്കറിന്റെ ക്ലൈമാക്സ് ആണെന്ന് ഇപ്പോള്‍ അദ്ദേഹം പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയാണ് ജയരാജ്.

‘ജോണി വാക്കറിന്റെ ക്ലൈമാക്സ് ഇതല്ലായിരുന്നു. ഞാന്‍ മമ്മൂക്കയോട് കഥ പറയുമ്പോള്‍ അദ്ദേഹത്തിന്റേത് മരിക്കുന്ന കഥാപാത്രമല്ല. മമ്മൂട്ടിയുടെ പ്രായത്തിലുള്ള ഒരാള്‍ കോളേജില്‍ പഠിച്ചാല്‍ ശരിയാകുമോ എന്ന പ്രൊഡ്യൂസറിന്റെ നിരന്തരമായ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് മാറ്റങ്ങള്‍ വരുത്തിയത്.

രഞ്ജിത് എന്റെയടുത്ത് പറഞ്ഞു, കാഴ്ച നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരാളായി ജോണിയേ അവതരിപ്പിക്കാം. അതുകൊണ്ടാണ് കോളേജില്‍ പഠിക്കാന്‍ വരുന്നതെന്ന് ആക്കാം എന്ന്. പിന്നീട് കോളേജില്‍ വരുന്നതിന് അങ്ങനെയൊരു റീസണ്‍ കൊടുത്തതാണ്. അന്നെനിക്ക് അത്ര വിവരം ഇല്ലായിരുന്നു. അത് ശരിയായിരിക്കും എന്ന് വിചാരിച്ചു. എന്റെ മനസില്‍ അത് അങ്ങനെയല്ലല്ലോ എന്ന തോന്നല്‍ അന്നും ഇന്നും ഉണ്ട്. ഇനി ഒരു പക്ഷേ ജോണി വാക്കര്‍ റീറിലീസ് ചെയ്യുകയാണെങ്കില്‍ ക്ലൈമാക്സ് മാറ്റണം എന്നുണ്ട്.

മമ്മൂട്ടി, രഞ്ജിത എന്നിവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ജോണി വാക്കര്‍ 1992ലാണ് റിലീസായത് മ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന ജോണി വര്‍ഗ്ഗീസ് എന്ന കഥാപാത്രം അനിയനോടൊപ്പം കോളേജില്‍ വീണ്ടും പഠിക്കാന്‍ വരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കഥാതന്തു.

Content Highlight: Jayaraj says he has regrets about the climax of the Johnnie Walker movie