'വഴിയെപ്പോകുന്നവരേയും ഡ്രൈവര്‍മാരേയും നിര്‍മ്മാതാക്കളാക്കിയത് സൂപ്പര്‍ താരങ്ങള്‍'; മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ തുറന്നടിച്ച് ജയരാജ്
Daily News
'വഴിയെപ്പോകുന്നവരേയും ഡ്രൈവര്‍മാരേയും നിര്‍മ്മാതാക്കളാക്കിയത് സൂപ്പര്‍ താരങ്ങള്‍'; മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ തുറന്നടിച്ച് ജയരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st July 2017, 9:02 pm

കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ ജയരാജ്. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ സൂപ്പര്‍താര ആധിപത്യം സൃഷ്ടിച്ചതാണെന്നും ഈ ആധിപത്യത്തില്‍ സംവിധായകന്‍ ഭരതന് പോലും കാലിടറിയിട്ടുണ്ടെന്നും ജയരാജ് പറഞ്ഞു. തൃശ്ശൂരില്‍ നടന്ന ഭരതന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താരങ്ങള്‍ മറ്റാര്‍ക്കും ഡേറ്റ് നല്‍കാത്തതോടെ മികച്ച കഥയുമായി സംവിധായകരെ കാണാനെത്തിയിരുന്ന നിര്‍മാതാക്കള്‍ അപ്രത്യക്ഷമായി. മാറ്റിനിര്‍ത്തപ്പെടുകയോ സ്വയം മാറിനില്‍ക്കുകയോ ചെയ്യുന്ന സിനിമാ നിര്‍മാതാക്കള്‍ തിരിച്ചുവരണം. എന്നാല്‍ മാത്രമേ മലയാള സിനിമ അപചയത്തില്‍നിന്നു കരകയറുകയുള്ളുവെന്ന് ജയരാജ് പറഞ്ഞു.


Also Read:  ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ വൈര്യം മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് 


മലയാളത്തിലെ പല മികച്ച നിര്‍മ്മാണ കമ്പനികളെയും ഇല്ലാതാക്കിയത് താരങ്ങളാണെന്നും ഡ്രൈവറെയും വഴിയെ പോകുന്നവനേയും നിര്‍മ്മാതാക്കളാക്കിയത് സൂപ്പര്‍ താരങ്ങളാണെന്നും പറഞ്ഞ സംവിധായകന്‍ തങ്ങള്‍ മാത്രം സിനിമ നിര്‍മ്മിച്ചാല്‍ മതിയെന്ന് താരങ്ങള്‍ തീരുമാനിച്ചുവെന്നും ആരോപിക്കുന്നു. ഇതോടെ കലാബോധമുള്ള നിര്‍മാതാക്കളും കമ്പനികളും ഇല്ലാതായി.

ഇതേ നിലപാട് തന്നെയാണ് യുവതാരങ്ങളും സ്വീകരിക്കുന്നത്. എന്നാല്‍ മറ്റു ഭാഷകളില്‍ യാഷ് രാജ് പോലുള്ള നിര്‍മ്മാണ കമ്പനികള്‍ ഇപ്പോഴുമുണ്ടെന്നും ജയരാജ് പറഞ്ഞു.

വി.ബി.കെ.മേനോനും ജോയ് തോമസിനെയും പോലുള്ള നിര്‍മ്മാതാക്കള്‍ തിരിച്ചു വരേണ്ടതുണ്ടെന്നും വി.ബി.കെ മേനോന്റെ സ്വപ്ന ചിത്രമായ കുഞ്ചന്‍ നമ്പ്യാരെ കുറിച്ച് തങ്ങള്‍ സംസാരിച്ചുവെന്നും ജയരാജ് പറഞ്ഞു.