മലയാളസിനിമ കണ്ട മികച്ച സംവിധായകരിലൊരാളാണ് ജയരാജ്. ചെയ്ത സിനിമകളുടെ വേഴ്‌സറ്റാലിറ്റി കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു സംവിധായകന്‍ ഇല്ലെന്ന് തന്നെ പറയാം. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഒരുപിടി മികച്ച സിനിമകള്‍ ജയരാജ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. നവരസങ്ങള്‍ പ്രധാന തീമായെത്തുന്ന സിനിമകള്‍ എന്ന വ്യത്യസ്ത ആശയവും ജയരാജിന്റേതായിരുന്നു.
ജയരാജ് ഒരുക്കിയ സിനിമകളില്‍ ഇന്നും ഒരുപാട് ആരാധകരുള്ള ഒന്നാണ് ജോണി വാക്കര്‍. മമ്മൂട്ടിയെ അതുവരെ കാണാത്ത തരത്തില്‍ സ്‌റ്റൈലിഷായി അവതരിപ്പിക്കാന്‍ ഈ ചിത്രത്തിലൂടെ ജയരാജിന് സാധിച്ചു. ചിത്രത്തില്‍ എല്ലാവരും ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് വില്ലനായെത്തിയ സ്വാമി. സ്‌ക്രീന്‍ പ്രസന്‍സും ലുക്കും കൊണ്ട് പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കാന്‍ സംവിധായകന് സാധിച്ചു. സ്വാമി എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജയരാജ്.
‘ഈ വില്ലനെ അവതരിപ്പിക്കാന്‍ അത്രമാത്രം ഗാംഭീര്യമുള്ള ഒരാളെ വേണം. ഇതുവരെ കാണാത്ത ഒരാളാണെങ്കില്‍ കുറച്ച് നന്നായേനെ എന്ന് ചിന്തിച്ചു. പുതിയ ഒരാളെ കണ്ടുപിടിക്കാന്‍ വേണ്ടി ബാംഗ്ലൂരിലുള്ള പബ്ബുകളില്‍ തപ്പാമെന്ന് തീരുമാനിച്ചു. അന്നത്തെ കാലത്ത് തന്നെ 360ലധികം പബ്ബുകള്‍ ബാംഗ്ലൂരിലുണ്ട്. ഒരു വര്‍ഷം സമയമെടുത്താലും നമുക്ക് അത് തീര്‍ക്കാന്‍ പറ്റില്ല.
അങ്ങനെ ഒരു പബ്ബിലിരിക്കുമ്പോള്‍ ഒരു മുഖം പെട്ടെന്ന് മിന്നിമറഞ്ഞു. അതായത് ഒരു ഫ്‌ളാഷടിച്ചതുപോലെ വന്നുപോവുകയായിരുന്നു. പിന്നീട് അയാളെ ശ്രദ്ധിച്ച് നോക്കി. എല്ലാവരുമായും സംസാരിക്കുന്ന അയാള്‍ക്ക് എന്തോ ഒരു ആകര്‍ഷണീയത തോന്നി. എന്റെ സ്വാമിയെ കിട്ടി എന്ന് മനസില്‍ പറഞ്ഞു. പിന്നീട് അയാളുട അടുത്ത് പോയി സംസാരിച്ചു. കമാല്‍ ഗൗര്‍ എന്നാണ് അയാളുടെ പേര്.
സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നൊക്കെ അന്വേഷിച്ചു. അയാള്‍ക്ക് അതിന് സമ്മതമായിരുന്നു. അത്യാവശ്യം മോഡലിങ്ങും കാര്യവുമൊക്കെയായി നടക്കുന്നയാളായിരുന്നു അയാള്‍. നീളമുള്ള മുടിയായതുകൊണ്ട് അത് പിന്നോട്ട് ഇടാമോ എന്ന് ചോദിച്ചു. അയാള്‍ അത് ചെയ്തപ്പോള്‍ എന്താണോ മനസില്‍ കണ്ടത് അത് എനിക്ക് അപ്പോള്‍ കിട്ടി,’ ജയരാജ് പറഞ്ഞു.
ഇന്നും കമാലുമായി കോണ്‍ടാക്ടുണ്ടെന്നും സിനിമയോടുള്ള പാഷന്‍ ഇപ്പോഴും അയാള്‍ക്കുണ്ടെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു. പലപ്പോഴും പല ഗെറ്റപ്പിലാണ് കമാല്‍ നടക്കുന്നതെന്നും ഈയിടക്ക് ജോണി വാക്കറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് താന്‍ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. സെക്കന്‍ഡ് പാര്‍ട്ടുണ്ടെന്ന് കേട്ടപ്പോള്‍ അയാള്‍ ത്രില്ലായെന്നും ജയരാജ് പറയുന്നു.
Content Highlight: Jayaraj explains hoe he got the villain character in Johnnie Walker movie