39ല്‍ 37 സീറ്റും നേടി ജയ സ്റ്റൈല്‍
Daily News
39ല്‍ 37 സീറ്റും നേടി ജയ സ്റ്റൈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th May 2014, 10:48 pm

[] ചെന്നൈ: തമിഴ്‌നാട്‌ ആകെയുള്ള 39 സീറ്റില്‍ 37 സീറ്റും നേടി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ജയലളിത നേതൃത്വം നല്‍കുന്ന എ.ഐ.എ.ഡി.എം.കെ. ജയയുടെ നേതൃത്വത്തില്‍ എ.ഐ.എ.ഡി.എം.കെ ജയിച്ചുകയറിയപ്പോള്‍ അടിപതറിയിരിക്കുന്നത് കോണ്‍ഗ്രസ്, ഡി.എം.കെ, എം.ഡി.എം.കെ, സി.പി.ഐ, സി.പി.എം, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികള്‍ക്കാണ്.

പ്രമുഖ നേതാക്കളായ മുന്‍കേന്ദ്രമന്ത്രി ടി.ആര്‍ ബാലു തഞ്ചാവൂരിലും 2ജി സ്‌പെക്ട്രം കേസില്‍ പ്രതികളായ എ. രാജ നീലഗിരിയിലും ദയാനിധി മാരന്‍ ചെന്നൈ സെന്‍ട്രലിലും എന്‍.ആര്‍ ഇളങ്കോ ആര്‍കോണത്തും തോറ്റു. കോയമ്പത്തൂരില്‍ സി.പി.എമ്മിന്റെ സിറ്റിങ് എം.പി അഞ്ചാം സ്ഥാനത്തേക്കും തെങ്കാശിയില്‍ സി.പി.ഐയുടെ സിറ്റിങ് എം.പി അഞ്ചാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

എം.ഡി.എം.കെ അധ്യക്ഷന്‍ വൈക്കോ വിരുദുനഗറിലാണ് പരാജയപ്പെട്ടത്. മയിലാടുതുറയില്‍ മുന്‍കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍, ശിവഗംഗയില്‍ കാര്‍ത്തി ചിദംബരം തുടങ്ങിയര്‍ നാലം സ്ഥാനത്താണ്.

എ.ഐ.എ.ഡി.എം.കെക്ക് നഷ്ടപ്പെട്ട രണ്ട് സീറ്റുകളായ കന്യാകുമാരിയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പൊന്‍ രാധാകൃഷ്ണനും ധര്‍മപുരിയില്‍ എന്‍.ഡി.എ ഘടക കക്ഷിയായ പി.എം.കെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അന്‍പുമണി രാമദാസുമാണ് വിജയിച്ചത്.

കേരളത്തിന് പുറമെ ബി.ജെ.പിക്ക് പിടച്ചടക്കാന്‍ കഴിയാതിരുന്ന മറ്റൊരു സംസ്ഥാനമായി തമിള്‍നാട് മാറി. രജനീകാന്ദിനെ സന്ദര്‍ശിച്ചതടക്കം മികച്ച തന്ത്രങ്ങള്‍ പയറ്റിയെങ്കിലും തമിഴകത്ത് വെന്നിക്കൊടി പാറിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല.