എഡിറ്റര്‍
എഡിറ്റര്‍
ജയകൃഷ്ണന്‍ വധം പുനരന്വേഷിക്കും
എഡിറ്റര്‍
Tuesday 23rd October 2012 12:08am

തിരുവനന്തപുരം: മൊകേരി ഈസ്റ്റ് യു.പി. സ്‌കൂളിലെ  അധ്യാപകന്‍ കെ.ടി. ജയകൃഷ്ണനെ വെട്ടിക്കൊന്ന കേസിലെ  യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പുനരന്വേഷണം നടത്തും.

Ads By Google

ഇതിന് നിയമതടസമില്ലെന്ന് സംസ്ഥാന പോലീസ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് നിയമവകുപ്പിന് കൈമാറി. പുനരന്വേഷണം സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചേക്കും.

കേസില്‍ പിടിയിലായവരില്‍ ഒരാള്‍ മാത്രമാണ്‌ യഥാര്‍ത്ഥ പ്രതിയെന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ടി.കെ. രജീഷിന്റെ വെളിപ്പെടുത്തല്‍ കേരളത്തെ ഞെട്ടിച്ചിരുന്നു. താനും അച്ചാരുപറമ്പത്ത് പ്രദീപനും അടങ്ങിയ സംഘമാണ്‌ ജയകൃഷ്ണനെ വെട്ടിനുറുക്കിയതെന്ന് ക്രൈംബ്രാഞ്ചിനോട് രജീഷ് ഏറ്റുപറഞ്ഞിരുന്നു.

കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെക്കുറിച്ചും രജീഷ് വ്യക്തമായ സൂചനയും നല്‍കി. രജീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ജയകൃഷ്ണന്റെ അമ്മ പി.കെ. കൗസല്യ, കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കിയതിന്റെകൂടി അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

കോടതി തീര്‍പ്പ് കല്‍പിച്ച കേസാണെങ്കിലും  യഥാര്‍ത്ഥ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചാല്‍ പുനരന്വേഷണത്തിന് തടസമില്ലെന്ന് ഡി.ജി.പി. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പരിശോധനയ്ക്കായി നിയമവകുപ്പിന് കൈമാറിയിരിക്കുകയാണ്.

ജയകൃഷ്ണന്‍ വധത്തിന് പുറമേ കണ്ണൂര്‍ ജില്ലയില്‍ നടന്ന മറ്റ് മൂന്നുകൊലക്കേസുകളിലും പുനരന്വേഷണം വേണമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

2005 ലെ മുഴപ്പിലങ്ങാട് സൂരജ് വധം, 2008 ലെ ഈങ്ങയില്‍ പീടികയില്‍ കുനിയില്‍ സുരേഷ് ബാബു വധം, 2009 ലെ പാനൂര്‍ ചെമ്പാട് വിനയന്‍ വധം എന്നീ കേസുകളിലാണ് തുടരന്വേഷണം വരാന്‍ പോകുന്നത്.

ജയകൃഷ്ണന്‍ വധക്കേസില്‍ അച്ചാരുപറമ്പത്ത് പ്രദീപന് പുറമേ കെ. സുന്ദരന്‍, എന്‍. ഷാജി, ദിനേശ് ബാബു, പി. രാജന്‍, കെ.കെ. അനില്‍കുമാര്‍, പാളയന്‍കണ്ടി സജീവന്‍ എന്നിവരെയാണ് പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നത്. സുന്ദരനെയും രാജനെയും കോടതി വെറുതേ വിട്ടു. സജീവന്‍ ആത്മഹത്യ ചെയ്തു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അച്ചാരുപറമ്പത്ത്  പ്രദീപന്റെ ശിക്ഷ പിന്നീട് സുപ്രീംകോടതി ജീവപര്യന്തമാക്കി. ജയകൃഷ്ണനെ 1999 ഡിസംബര്‍ ഒന്നിനാണ് വധിച്ചത്. അമ്പത്തിയഞ്ചോളം മുറിവുകളുണ്ടായിരുന്നു. അന്ന് പത്തുവയസുണ്ടായിരുന്ന രണ്ടു വിദ്യാര്‍ത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചത്.

Advertisement