പ്രേതസിനിമകള്‍ക്ക് ഇനി തങ്ങളെ പേടിപ്പിക്കാന്‍ പറ്റില്ലെന്ന് പ്രേക്ഷകര്‍ ഉറച്ച് വിശ്വസിച്ചിരുന്ന കാലത്താണ് ക്ലീഷേ ഹൊറര്‍ സിനിമാ പാറ്റേണിനെ പൊളിച്ചെഴുതി കൊണ്ട് മലയാള സിനിമയിലേക്ക് രാഹുല്‍ സദാശിവന്‍ രംഗപ്രവേശം ചെയ്യുന്നത്. ഭൂതകാലം, ഡിയസ് ഈറെ, റെഡ് റെയ്ന്‍, ഭ്രമയുഗം തുടങ്ങി നാല് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളെ ഭയപ്പെടുത്താനും ഴോണറില്‍ ശ്രദ്ധേയമായ മാറ്റം കൊണ്ടുവരാനും സംവിധായകന് സാധിച്ചിരുന്നു.
പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കണ്ട ഡിയസ് ഈറെയില്‍ മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്തത് ജയ കുറുപ്പായിരുന്നു. ചിത്രത്തില്‍ വില്ലന്‍ ഷെയ്ഡുള്ള കഥാപാത്രമായിരുന്നു ജയ കുറുപ്പ് കൈകാര്യം ചെയ്തിരിന്നത്. മരണപ്പെട്ട തന്റെ മകന്റെ ശവശരീരം സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകുന്ന എല്‍സമ്മ എന്ന കഥാപാത്രം ചിത്രത്തിലെ പ്രേതത്തെക്കാള്‍ പ്രേക്ഷകനെ ഭയപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തില്‍ തന്നെ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ ജയ കുറുപ്പിനോട് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ രണ്ട് കാര്യങ്ങള്‍ മാത്രമാണ് തന്നോട് പറഞ്ഞതെന്നാണ് ജയ പറയുന്നത്. അതിലൊന്ന് ഹൊറര്‍ സിനിമയാണെന്നും രണ്ടാമത്തെ കാര്യം മകനെ വിട്ടുകൊടുക്കാന്‍ സാധിക്കാത്തതു കൊണ്ട് ഉണക്കി സൂക്ഷിക്കുന്ന അമ്മയുടെ വേഷമാണെന്നുമായിരുന്നുവെന്ന് താരം ഓര്‍ത്തെടുക്കുന്നു.
‘ചോറ്റാനിക്കരിയിലായിരുന്നു വീടിന് സെറ്റിട്ടത്. മുറിയില്‍ കയറിയപ്പോള്‍ ഞെട്ടിപ്പോയി. ശരിക്കും ഉണങ്ങിയ ശവം പോലെ തന്നെയായിരുന്നു അത് കാണാന്‍. ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തിലെ ഫൈറ്റ് സീനുകള്‍ ആദ്യം ഡ്യൂപ്പിനെ വെച്ച് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കുഴിയെടുക്കുന്ന സീനിന് ശേഷം സംവിധായകനാണ് ഫൈറ്റും ഞാന്‍ തന്നെ ചെയ്യട്ടെ എന്ന് പറഞ്ഞത്. ചെയ്യുന്നതിനിടയില്‍ ടൈമിങ് തെറ്റി പ്രണവിന് അടിയും കിട്ടിയിരുന്നു,’ ജയ കുറുപ്പ് പറഞ്ഞു.
കട്ടപ്പന ‘ദര്‍ശന’ അരങ്ങിലെത്തിച്ച ഒഴിവു ദിവസത്തെ കളി എന്ന നാടകത്തിലൂടെ അഭിനയ ജീവിതത്തില്‍ ശ്രദ്ധേയായ നടി മികച്ച വേഷങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ടു തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത് മുന്നേറുകയായിരുന്നു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, പൊന്മാന്‍, ഹൃദയപൂര്‍വ്വം, ഡീയസ് ഈറെ, സര്‍വ്വം മായ തുടങ്ങി അഞ്ച് ചിത്രങ്ങളിലാണ് 2025ല്‍ ജയ കുറുപ്പ് വേഷമിട്ട് വെന്നിക്കൊടി പാറിച്ചത്. 30 വര്‍ഷത്തോളം നാടകത്തില്‍ അഭിനയിച്ച് തഴക്കം നേടിയ ജയ കുറുപ്പ് ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടില്‍ ലഭിച്ച ചെറിയ വേഷത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
Content Highlight: Jaya Kurup talks about her experience in Dies ere
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.