എന്റെ മകനാണ് നില്‍ക്കുന്നത് എന്ന ബോധ്യത്തോടെയാണ് ഫഹദിനൊപ്പം അഭിനയിച്ചത്: ജയ കുറുപ്പ്
Film News
എന്റെ മകനാണ് നില്‍ക്കുന്നത് എന്ന ബോധ്യത്തോടെയാണ് ഫഹദിനൊപ്പം അഭിനയിച്ചത്: ജയ കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th July 2022, 7:35 pm

ഫഹദ് ഫാസില്‍ നായകനായ മലയന്‍കുഞ്ഞ് മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മണ്ണിടിച്ചിലിന്റെ ഭീകരത കാണിച്ചു തന്ന ചിത്രം വേറിട്ട ഒരു കാഴ്ചാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. ചിത്രത്തില്‍ നായകനായ അനിക്കുട്ടന്റെ അമ്മ ശാന്തമ്മയെ അവതരിപ്പിച്ചത് ഇടുക്കി സ്വദേശിനി ജയ കുറുപ്പ് ആയിരുന്നു.

തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ ജയക്ക് ജല്ലിക്കെട്ട്, സാജന്‍സ് ബേക്കറി എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങള്‍ക്ക് ശേഷം ലഭിച്ച മുഴുനീള കഥാപാത്രമായിരുന്നു മലയന്‍കുഞ്ഞിലെ ശാന്തമ്മ. ചിത്രത്തില്‍ ഫഹദിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജയ.

‘ഫഹദ് ഒരുപാട് ഹെല്‍പ്ഫുള്ളായിരുന്നു. നമ്മള്‍ ചെയ്യുന്നത് നല്ലതാണെന്ന് പറയാനുള്ള അദ്ദേഹത്തിന്റെ മനസാണ് എറ്റവും വലുത്. അക്ഷന്‍ ആന്‍ഡ് റിയാക്ഷന്‍ ആയിരുന്നു പലപ്പോഴും. അദ്ദേഹം എന്താണോ നല്‍കിയത് അത് തിരിച്ച് കൊടുക്കാന്‍ പറ്റി എന്നാണ് തോന്നുന്നത്.

ഫഹദിന്റെ കണ്ണിന്റെ കാര്യം പറയേണ്ട കാര്യമില്ലല്ലോ. എന്റെ മകനാണ് നില്‍ക്കുന്നത് എന്ന ബോധ്യത്തോടെയാണ് അഭിനയിച്ചത്. എന്റെ മകനോട് എങ്ങനെയാണോ പെരുമാറുന്നത് അങ്ങനെ തന്നെയാണ് ഫഹദിനെ കാണുമ്പോള്‍ തോന്നിയത്. സെറ്റിലുള്ള എല്ലാവരും സപ്പോര്‍ട്ടീവായിരുന്നു. മഹേഷ് സാറും ഒപ്പമുള്ളവരുമെല്ലാം സഹായിച്ചു,’ ജയ പറഞ്ഞു.

‘കട്ടപ്പനയില്‍ ദര്‍ശന എന്നൊരു ഫിലിം സൊസൈറ്റി വഴിയാണ് കാസ്റ്റിങ് കോള്‍ കണ്ടപ്പോള്‍ ആപ്ലിക്കേഷന്‍ അയച്ചത്. ദര്‍ശനക്ക് വേണ്ടി ഉണ്ണി ആറിന്റ ഒഴിവുദിവസത്തെ കളിയുള്‍പ്പെടെ ഒരുപാട് നാടകങ്ങള്‍ കളിച്ചിരുന്നു.

17ാം വയസിലാണ് നാടകം കളിക്കാന്‍ തുടങ്ങിയത്. വളരെ ആഗ്രഹിച്ച് നാടകത്തിലേക്ക് വന്ന ആളല്ല. സംസ്‌കൃതമാണ് പഠിച്ചത്. ബന്ധു ഒരു ബാലേ സമിതിയിലുണ്ടായിരുന്നു. അതില്‍ ശ്രീകൃഷ്ണനായിട്ടും സരസ്വതിയായിട്ടും വേഷമിടാന്‍ പോയിരുന്നു. അങ്ങനെയാണ് നാടകത്തില്‍ താല്‍പര്യം വന്നുതുടങ്ങിയത്.

നാടകത്തിലൊക്കെ ആറ് മാസത്തെ വര്‍ക്ക് വരുന്നുണ്ട്. ആദ്യം വീട്ടില്‍ നിന്നും പിന്തുണ ഒന്നും ലഭിച്ചിരുന്നില്ല. ഫൈറ്റ് ചെയ്ത് നിന്നു. 97 മുതലാണ് പ്രൊഫഷണല്‍ നാടകങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. നാടകം കളിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. നായികാ കഥാപാത്രമായിരിക്കും മിക്കവാറും. ചിലപ്പോള്‍ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരും. പ്രായമുള്ളതും കുറഞ്ഞതുമൊക്കെ ഒരേ നാടകത്തില്‍ ചെയ്തിട്ടുണ്ട്. ഹസ്ബന്റ് നാരായണ കുറുപ്പും തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്,’ ജയ പറഞ്ഞു.

ബേസില്‍ ജോസഫിന്റെ പാല്‍ തു ജാന്‍വര്‍, പാര്‍വതി തിരുവോത്ത്, ഉര്‍വശി, അലന്‍സിയര്‍ എന്നിവര്‍ അഭിനയിക്കുന്ന ഉള്ളൊഴുക്ക് എന്നിവയാണ് ജയയുടെ പുതിയ പ്രൊജക്ടുകള്‍.

Content Highlight: Jaya kurup shares her experiences of acting with Fahadh faasil in malayankunju