നാല് കശുവണ്ടിയും ഒരു ചവിട്ടും; ഇതാണ് ജയ ജയ ജയ ജയഹേയുടെ ടൈറ്റില്‍ ബ്രില്യന്‍സ്
Film News
നാല് കശുവണ്ടിയും ഒരു ചവിട്ടും; ഇതാണ് ജയ ജയ ജയ ജയഹേയുടെ ടൈറ്റില്‍ ബ്രില്യന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th October 2022, 3:32 pm

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 28നാണ് തിയേറ്ററുകളിലെത്തിയത്.

അതേസമയം ചിത്രത്തിന്റെ ടൈറ്റിലിലെ ബ്രില്യന്‍സ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ടൈറ്റിലില്‍ നാല് കശുവണ്ടിയും ചവിട്ടാനായി പൊക്കിയ ഒരു കാലുമുണ്ട്. പവി ശങ്കര്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നുമാണ് ഇക്കാര്യം ചിത്രം സഹിതം വ്യക്തമാക്കിയിരിക്കുന്നത്.

നാല് ജയയാണ് ചിത്രത്തിന്റെ ടൈറ്റിലില്‍ ഉള്ളത്. സൂക്ഷിച്ച് നോക്കിയാല്‍ ജ എന്ന അക്ഷരത്തില്‍ ഒരു കശുവണ്ടി കാണാനാവും. ഹേ യില്‍ കാലുമുണ്ട്. ചിത്രത്തിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന മെറ്റഫറുകളാണിത്.

രാജേഷ്, ജയഭാരതി എന്നീ കഥാപാത്രങ്ങളായിട്ടാണ് ബേസിലും ദര്‍ശനയും ചിത്രത്തിലെത്തിയത്.
അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പറവൂര്‍, ഹരീഷ് പേങ്ങന്‍, നോബി മാര്‍ക്കോസ്, ശരത് സഭ, ആനന്ദ് മന്മഥന്‍, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ചിയേഴ്സ് എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: jaya jaya jaya jayahei’s title brilliance is now being discussed on social media