ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ് മയക്കുമരുന്ന് മാഫിയ; ജയ ബച്ചന്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു: ജയപ്രദ
national news
ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ് മയക്കുമരുന്ന് മാഫിയ; ജയ ബച്ചന്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു: ജയപ്രദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 10:19 pm

ന്യൂദല്‍ഹി: ബോളിവുഡിലെ മയക്കുമരുന്ന് വിവാദങ്ങളില്‍ സമാജ് വാദി പാര്‍ട്ടി എം.പി ജയ ബച്ചന്‍ നടത്തിയ പ്രസംഗത്തിനെതിരെ നടിയും ബി.ജെ.പി അംഗവുമായ ജയപ്രദ.

വളരെ ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ജയാ ബച്ചനെന്നാണ് ജയപ്രദ പറഞ്ഞത്.

‘ഗൗരവതരമായ വിഷയമാണ് രവികിഷന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ജയാ ബച്ചന്‍ വിഷയത്തെ രാഷ്ട്രീയല്‍ക്കരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. യുവാക്കളെ മയക്കുമരുന്നില്‍ നിന്ന് രക്ഷിക്കാനുള്ള രവികിഷന്റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു’- ജയപ്രദ പറഞ്ഞു.

ബോളിവുഡിനെതിരെ ലഹരി മാഫിയ ആരോപണം നടത്തിയ നടനും പാര്‍ലമെന്റംഗവുമായ രവി കിഷനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ജയബച്ചന്റെ പ്രസംഗം.

‘കുറച്ച് ആളുകളുടെ പേരില്‍ സിനിമാ മേഖലയെ ആകെ കരിവാരിത്തേക്കാന്‍ പറ്റില്ല. ലോക് സഭാംഗവും സിനിമാമേഖലയില്‍ നിന്നു വന്നതുമായ ഒരാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ലജ്ജിച്ചു. ഏത് പാത്രത്തിലാണോ ഭക്ഷണം കഴിക്കുന്നത് അതില്‍ തന്നെ ദ്വാരങ്ങളുണ്ടാക്കുന്നു,’ ജയ ബച്ചന്‍ പറഞ്ഞു.

പ്രസംഗത്തിന് പിന്നാലെ ജയ ബച്ചനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ക്ക് ഉഗ്രന്‍ മറുപടിയാണ് ജയബച്ചന്‍ നല്‍കിയതെന്നും സിനിമാ മേഖലയില്‍ നിന്നുള്ള ഒരാള്‍ ഇക്കാര്യം പറഞ്ഞതില്‍ ബഹുമാനമെന്നുമാണ് നടി തപ്സി പന്നു ട്വിറ്ററില്‍ കുറിച്ചത്.

അതേ സമയം ജയബച്ചന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി നടി കങ്കണ റണൗത്ത് രംഗത്തെത്തി. ജയ ബച്ചന്റെ മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും ഇത്തരമൊരു അവസ്ഥ വന്നിരുന്നെങ്കില്‍ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്നാണ് കങ്കണ ചോദിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  jaya-bachchan-is-doing-politics-over-ravi-kishan-s-drug-claim-says-jaya-prada