മുകളില്‍ നിന്ന് താഴേക്ക് വീഴാന്‍ ഏതാനും മാസങ്ങള്‍ മതി, പക്ഷെ മുകളിലേക്ക് ഉയരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും; മുന്നറിയിപ്പുമായി ജെയ് ഷാ
Cricket
മുകളില്‍ നിന്ന് താഴേക്ക് വീഴാന്‍ ഏതാനും മാസങ്ങള്‍ മതി, പക്ഷെ മുകളിലേക്ക് ഉയരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും; മുന്നറിയിപ്പുമായി ജെയ് ഷാ
ശ്രീരാഗ് പാറക്കല്‍
Sunday, 15th March 2026, 3:59 pm

ടി-20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും മുന്നറിയിപ്പുമായി ഐ.സി.സി ചെയര്‍മാനും മുന്‍ ബി.സി.സി.ഐ മേധാവിയുമായ ജെയ് ഷാ. മുകളില്‍ നിന്ന് താഴേക്ക് പതിക്കാന്‍ ഏതാനും മാസങ്ങള്‍ മതിയെന്നും എന്നാല്‍ മുകളിലേക്ക് ഉയരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും ജെയ് ഷാ പറഞ്ഞു. മാത്രമല്ല 2030ലേക്കോ അതോ 2036ലേക്കോ പോലും പ്ലാനിങ് ചെയ്യേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സൂര്യയ്ക്കും ഗൗതം ഭായിക്കും വേണ്ടി സന്ദേശം പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുകളില്‍ നിന്ന് താഴേക്ക് വീഴുന്നത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംഭവിക്കാം, പക്ഷേ താഴെ നിന്ന് മുകളിലേക്ക് ഉയരാന്‍ വര്‍ഷങ്ങളെടുക്കും.

ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും

പരിശ്രമം തുടരുക, അംഗീകാരങ്ങള്‍ നേടുന്നത് തുടരുക. ഞാന്‍ ബി.സി.സി.ഐയിലുള്ള കാലത്ത് 2028 ഒളിമ്പിക്സിലേക്ക് വരെ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ 2030 അല്ലെങ്കില്‍ 2036 ലേക്ക് പോലും തയ്യാറെടുക്കാന്‍ തുടങ്ങണം,’ ജെയ് ഷാ പറഞ്ഞു.

ഇന്ത്യ

അതേസമയം 2026 ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ പരാജയപ്പെടുത്തി തങ്ങളുടെ മൂന്നാം കിരീടത്തില്‍ മുത്തമിടാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല ബാക് ടു ബാക് കിരീടം നേടുന്ന ആദ്യ ടീം, സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീം എന്നിങ്ങനെ പല ബഹുമതികളും ഇന്ത്യയ്ക്ക് സൂര്യകുമാര്‍ യാദവും സംഘവും നേടിക്കൊടുത്തു.

2024ലെ ടി-20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി-20 ക്യാപ്റ്റനായി അരങ്ങേറിയ സൂര്യ തൊട്ടതെല്ലാം പൊന്നാക്കിയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ടി-20 വിന്നിങ് പേര്‍സന്റേജ് പോലും സൂര്യ കടത്തി വെട്ടി. 80.77 ആണ് സൂര്യയുടെ വിജയ ശതമാനം.

എന്നാല്‍ രോഹിത്തിന്റെത് വിജയശതമാനം 80.65 ആണ്. അടുത്ത കാലത്ത് ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചില്ലെങ്കിലും ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനത്തോടെ തിരിച്ചുവരാന്‍ സൂര്യയ്ക്ക് സാധിച്ചു. മാത്രമല്ല 2024ന് ശേഷം ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്ത ഗംഭീര്‍ മൂന്നാ കിരീടമാണ് ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ്, ടി-20 ലോകകപ്പ് എന്നീ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലാണ് ഗംഭീര്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. കൂടാതെ 2027 ഏകദിന ലോകകപ്പും 2028ലെ ഒളിമ്പിക്‌സുമാണ് ഇനി ഗംഭീറിന്റെ ലക്ഷ്യമെന്ന് പത്രസമ്മേളനത്തില്‍ ഗംഭീര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

 

Content Highlight: Jay Shah Warns Gautam Gambhir And Suryakumar Yadav After Winning T20 World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ