ആദ്യം പുറത്താക്കേണ്ടത് ജയ് ഷായെ, എന്തുപകാരമാണ് അയാളെ കൊണ്ടുണ്ടായിട്ടുള്ളത്; പ്രതിഷേധവുമായി ആരാധകര്‍
Cricket
ആദ്യം പുറത്താക്കേണ്ടത് ജയ് ഷായെ, എന്തുപകാരമാണ് അയാളെ കൊണ്ടുണ്ടായിട്ടുള്ളത്; പ്രതിഷേധവുമായി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th November 2022, 4:46 pm

ടി-20 ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ കഴിഞ്ഞ ദിവസം സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയെ ബി.സി.സി.ഐ പുറത്താക്കിയിരുന്നു. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ മുഴുവന്‍ പേരുടെയും കസേര തെറിപ്പിക്കുകയായിരുന്നു.

ലോകകപ്പില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബി.സി.സി.ഐ തങ്ങളുടെ തീരുമാനം അറിയിച്ചത്. പിന്നാലെ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ക്ഷണിച്ചുകൊണ്ടുള്ള കത്തും ബി.സി.സി.ഐ പുറത്തുവിട്ടിരുന്നു.

എന്നാല്‍ ബി.സി.സി.ഐയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. സെലക്ടര്‍മാരെയല്ല പുറത്താക്കേണ്ടതെന്നും ബി.സി.സി.ഐയുടെ സെക്രട്ടറി ജയ്ഷായെ പുറത്താക്കുന്നതിനെ പറ്റിയാണ് അടിയന്തിരമായി ആലോചിക്കേണ്ടതെന്നുമാണ് ആരാധകര്‍ പറഞ്ഞത്.

ടീമില്‍ മോശം ഫോമില്‍ തുടരുന്ന താരങ്ങളെ പുറത്താക്കുന്നതിലും ബി.സി.സി.ഐ തീരുമാനമുണ്ടാക്കണമെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.

”ബി.സി.സി.ഐ ആദ്യം ഒഴിവാക്കേണ്ടത് ഒരുപകാരവുമില്ലാത്ത ജയ് ഷായെ ആണ്. അതുപോലെ തന്നെ ടീം ഇന്ത്യയുടെ കോച്ചിനെയും, രോഹിതും, രാഹുലും, ഭുവിയും അശ്വിനുമടങ്ങിയ താരങ്ങളെയും. എന്തുകൊണ്ടാണ് ഇവരെയൊന്നും ഒഴിവാക്കാന്‍ ബി.സി.സി.ഐ തയ്യാറാകാത്തത്,’ ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ തവണ നടന്ന ടി-20 ലോകകപ്പിലും ടീം ഇന്ത്യ ഫൈനലിലെത്താതെ തോറ്റുമടങ്ങുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പരാജയപ്പെട്ടതും ഏഷ്യാ കപ്പ് തോല്‍വിയുമാണ് സെലക്ടര്‍മാര്‍ക്ക് പാരയായത്.

ചെയര്‍മാന്‍ ചേതന്‍ ശര്‍മക്ക് പുറമെ സുനില്‍ ജോഷി, ഹര്‍വീന്ദര്‍ സിങ്, ദേവാശിഷ് മൊഹന്തി എന്നിവരായിരുന്നു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായി ഉണ്ടായിരുന്നത്.

പുരുഷ സീനിയര്‍ ടീമിന്റെ സെലക്ടര്‍മാര്‍ക്കായി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നവംബര്‍ 28 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളുടെ ഒഴിവാണുള്ളത്. അഞ്ച് വര്‍ഷം മുമ്പെങ്കിലും വിരമിച്ച താരങ്ങളെ മാത്രമെ ചുമതലകളിലേക്ക് പരിഗണിക്കൂ എന്ന് ബി.സി.സി.ഐ പുറത്തുവിട്ട കത്തില്‍ പറയുന്നുണ്ട്.

ടീം ഇന്ത്യക്കായി ഏഴ് ടെസ്റ്റുകളോ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ 10 ഏകദിനങ്ങള്‍ക്കൊപ്പം 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചിട്ടുള്ളവര്‍ക്കാണ് സെലക്ഷന്‍ കമ്മിറ്റി അംഗമാകാന്‍ കഴിയുകയെന്നും കത്തില്‍ പറയുന്നു.

മാത്രമല്ല നിലവില്‍ മറ്റ് കമ്മിറ്റികളില്‍ അംഗമായുള്ളവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാനാവില്ല. നാല് വര്‍ഷ കാലാവധിയാണ് സാധാരണയായി സീനിയര്‍ ടീം സെലക്ടര്‍ക്ക് ലഭിക്കാറ്.

Content Highlights: Jay Shah sacks national cricket selectors after World Cup humiliation, fans criticize