സഞ്ജുവിന്റെ വിക്കറ്റിനൊപ്പം ചരിത്രനേട്ടവും തൂക്കി; വമ്പന്‍ റെക്കോഡില്‍ 'ഐറിഷ് രാജസ്ഥാനി'
Cricket
സഞ്ജുവിന്റെ വിക്കറ്റിനൊപ്പം ചരിത്രനേട്ടവും തൂക്കി; വമ്പന്‍ റെക്കോഡില്‍ 'ഐറിഷ് രാജസ്ഥാനി'
ശ്രീരാഗ് പാറക്കല്‍
Saturday, 27th June 2026, 4:48 pm

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്. സ്റ്റോര്‍മോണ്ടില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിന്റെ വിജയമാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ അയര്‍ലാന്‍ഡിനെതിരെ പരാജയം രുചിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത് സഞ്ജു സാംസണിനെയായിരുന്നു. ഇന്നിങ്‌സിലെ രണ്ടാം ഓവറിനെത്തിയ ജെയ് മോന്ദ്രയുടെ ആദ്യ പന്തില്‍ ഇന്‍സൈഡ് എഡ്ജില്‍ ബൗള്‍ഡായാണ് സഞ്ജു മടങ്ങിയത്. നാല് പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ അഞ്ച് റണ്‍സാണ് സഞ്ജു നേടിയത്. ഇന്ത്യയിലെ രാജസ്ഥാനില്‍ ജനിച്ച താരമാണ് ജെയ് മോദ്ര. ഇന്ത്യന്‍ വംശജനായ താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

സഞ്ജുവിനെ പുറത്താക്കിയതിന് പിന്നാലെ ജെയ് ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ടി-20യില്‍ അയര്‍ലാന്‍ഡിന് വേണ്ടി അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് ജെയ് മോദ്ര. ഇതിന് മുമ്പ് മാത്യു ഹംഫ്രേയ്‌സാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയിത്. 2023ല്‍ ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ റോണി തലൂക്ദാറിനെ പുറത്താക്കിയാണ് താരം റെക്കോഡ് നേടിയത്.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയാണ് വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മ മടങ്ങിയത്. 20 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 50 റണ്‍സായിരുന്നു താരം നേടിയത്. 250 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റും അഭി സ്വന്തമാക്കിയിരുന്നു. താരത്തിന് പുറമെ ശിവം ദുബെ 14 പന്തില്‍ 25 റണ്‍സും തിലക് വര്‍മ 19 റണ്‍സും നേടി.

അയര്‍ലാന്‍ഡിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കറാണ്. 36 പന്തില്‍ 50 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. താരത്തിന് പുറമെ മധ്യനിര താരം ഗാരെത് ഡിലാനി 32 പന്തില്‍ 49 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ജോര്‍ജ് ഡക്രല്‍ 19 റണ്‍സും നേടി മികവ് പുലര്‍ത്തി.

Content Highlight: Jay Mojadra, who took the wicket of Sanju Samson on the first ball of his debut, also achieved a great record for Ireland

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ