റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350 എത്തുന്നു
Java
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350 എത്തുന്നു
ന്യൂസ് ഡെസ്‌ക്
Wednesday, 7th November 2018, 11:31 pm

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350 എത്തുന്നു. ആദ്യഘട്ടത്തില്‍ നാലു ബൈക്കുകളെയാണ് ഇന്ത്യയില്‍ ജാവ അവതരിപ്പിക്കുക. നിലവില്‍ ചെക്ക് വിപണിയില്‍ വില്‍പനയിലുള്ള മോഡലാണിത്.

ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിസ്‌ക്കുകള്‍ സ്പോക്ക് വീലുകള്‍ക്ക് ഇടതുവശം ചേര്‍ന്നൊരുങ്ങുന്നു. ചെക്ക് വിപണിയിലുള്ള ജാവ 350തില്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളാണുള്ളത്.

എന്നാല്‍ ബൈക്കിന്റെ ഇന്ത്യന്‍ പതിപ്പിന് അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ലഭിക്കും. പരന്ന സീറ്റും ക്ലാസിക് തനിമ ചോരാത്ത ടെയില്‍ ലാമ്പും ജാവ 350തിന്റെ പ്രത്യേകതയാണ്. 350 സി.സി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ കരുത്തിലാണ് ജാവ 350 രാജ്യാന്തര വിപണിയില്‍ അണിനിരക്കുന്നത്.


എയര്‍ കൂളിംഗ് സംവിധാനവും സിംഗിള്‍ ഓവര്‍ ഹെഡ് ക്യാംഷാഫ്റ്റും എഞ്ചിനുണ്ട്. 26 bhp കരുത്തും 32 Nm torqueഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. ഇന്ത്യയില്‍ വില്‍പനയ്ക്കു വരുമ്പോള്‍ ഇതേ എഞ്ചിനായിരിക്കുമോ ഇടംപിടിക്കുകയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

നേരത്തെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 293 സി.സി ഒറ്റ സിലിണ്ടര്‍ എഞ്ചിനെ ആരാധകര്‍ക്കായി കമ്പനി വെളിപ്പെടുത്തിയിരുന്നു. മോജോയില്‍ നിന്നുള്ള ബോറും സ്‌ട്രോക്കും പുതിയ 293 സി.സി ജാവ എഞ്ചിന്‍ പങ്കിടും. 27 bhp കരുത്തും 28 Nm torqueഉം സൃഷ്ടിക്കാന്‍ എഞ്ചിന് കഴിയും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള എഞ്ചിനാണിത്. ഒന്നര മുതല്‍ രണ്ടുലക്ഷം രൂപ വരെ പുതിയ ജാവ ബൈക്കുകള്‍ക്ക് വില പ്രതീക്ഷിക്കാം.