പാകിസ്ഥാനെതിരെ 90 ശതമാനവും തോറ്റുനില്‍ക്കുമ്പോള്‍ ബുംറ മാജിക്; നൂറ്റാണ്ടിന്റെ തിരിച്ചുവരവ്
T20 world cup
പാകിസ്ഥാനെതിരെ 90 ശതമാനവും തോറ്റുനില്‍ക്കുമ്പോള്‍ ബുംറ മാജിക്; നൂറ്റാണ്ടിന്റെ തിരിച്ചുവരവ്
ആദര്‍ശ് എം.കെ.
Tuesday, 13th January 2026, 12:59 pm

2024 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ട മത്സരം ഒരു ക്രിക്കറ്റ് ആരാധകനും മറക്കാന്‍ സാധ്യതയില്ല. 2022 ലോകകപ്പില്‍ തോല്‍വിയില്‍ നിന്നും വിരാട് കോഹ്‌ലിയുടെ ചിറകിലേറി വിജയത്തിലേക്ക് കുതിച്ചതുപോലെ അബ്‌സല്യൂട്ട് ത്രില്ലറില്‍ ആറ് റണ്‍സിന് ഇന്ത്യ വിജയിച്ചുകയറി.

ഇന്ത്യ തങ്ങളുടെ ടി-20 ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറിലൊതുങ്ങിയപ്പോള്‍ അതിലും ചെറിയ സ്‌കോറില്‍ പാകിസ്ഥാനെ ഒതുക്കിയാണ് 2024 ടി-20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ രോഹിത്തും സംഘവും വിജയിച്ചുകയറിയത്. ഇതിന് നന്ദി പറയേണ്ടത് ഒരാളോട് മാത്രം, മോഡേണ്‍ ഡേ ഗ്രേറ്റ് സാക്ഷാല്‍ ജസ്പ്രീത് ബുംറ.

ജസ്പ്രീത് ബുംറ. Photo: BCCI/x.com

 

2024 ജൂണ്‍ ഒമ്പതിന് ഈസ്റ്റ് മെഡോയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ഓവറില്‍ വെറും 119 റണ്‍സിന് പുറത്തായി. 42 റണ്‍സ് നേടിയ റിഷബ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പന്ത് അടക്കം ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത് വെറും മൂന്ന് താരങ്ങളും. അക്‌സര്‍ പട്ടേല്‍ (20), രോഹിത് ശര്‍മ (13) എന്നിവരാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

മൂന്ന് വിക്കറ്റ് വീതം നേടിയ നസീം ഷായും ഹാരിസ് റൗഫുമാണ് ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് റിസ്വാന്റെ കരുത്തിലാണ് പാകിസ്ഥാന്‍ ഇന്നിങ്‌സ് കെട്ടിയുയര്‍ത്തിയത്.

ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മടക്കി ജസ്പ്രീത് ബുംറയാണ് ആദ്യ രക്തം ചിന്തിയത്. 13 റണ്‍സിന് ബാബര്‍ അസം പുറത്തായി. ഹര്‍ദിക് പാണ്ഡ്യയും അക്‌സര്‍ പട്ടേലുമടക്കം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയെങ്കിലും മറുവശത്ത് പാക് താരങ്ങള്‍ പതിയെ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.

ജസ്പ്രീത് ബുംറയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മത്സരത്തിനിടെ. Photo: BCCI/x.com

വിന്‍ പ്രെഡിക്ടര്‍ പാകിസ്ഥാന് തന്നെയാണ് സാധ്യത കല്‍പിച്ചതും. ഒരു വേള പാകിസ്ഥാന് 92 ശതമാനവും ഇന്ത്യയ്ക്ക് വെറും എട്ട് ശതമാനവുമായിരുന്നു ജയസാധ്യത. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ല എന്ന് വിശ്വസിക്കാനായിരുന്നു ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിച്ചത്.

ആ വിശ്വാസം തെറ്റിക്കാന്‍ ബുംറ ഒരുക്കമായിരുന്നില്ല. മുഹമ്മദ് റിസ്വാനെ ക്ലീന്‍ ബൗള്‍ഡാക്കി മത്സരത്തിന്റെ ഗതി ഒന്നാകെ ബുംറ തിരിച്ചു. പുറത്താകുമ്പോള്‍ 31 റണ്‍സായിരുന്നു റിസ്വാന്റെ പേരിലുണ്ടായിരുന്നത്. പാകിസ്ഥാന്റെ ടോപ്പ് സ്‌കോററും റിസ്വാന്‍ തന്നെയായിരുന്നു.

റിസ്വാന്റെ വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ ആഹ്ലാദം. Photo: BCCI/x.com

മത്സരത്തിന്റെ 19ാം ഓവറില്‍, തന്റെ സ്‌പെല്ലിലെ അവസാന പന്തില്‍ സൂപ്പര്‍ താരം ഇഫ്തിഖര്‍ അഹമ്മദിനെയും ബുംറ മടക്കിയിരുന്നു.

അര്‍ഷ്ദീപ് സിങ്ങെറിഞ്ഞ അവസാന ഓവറില്‍ പാകിസ്ഥാന് വിജയിക്കാന്‍ 18 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ 15 റണ്‍സ് നേടിയ ഇമാദ് വസീമിനെ റിഷബ് പന്തിന്റെ കൈകളിലെത്തിച്ച അര്‍ഷ്ദീപ് ഓവറില്‍ 11 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ പാകിസ്ഥാന്‍ 113ന് ഏഴ് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

പരാജയപ്പെട്ട നസീം ഷായുടെയും ഷഹീന്‍ അഫ്രിദിയുടെയും നിരാശ

ബുംറയായിരുന്നു കളിയിലെ താരം. 120 റണ്‍സ് മാത്രം വിജയിക്കാന്‍ വേണമെന്നിരിക്കെ നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതില്‍ റിസ്വാന്റെ വിക്കറ്റ് തന്നെയായിരുന്നു മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായതും.

ഇത്തവണയും ഇന്ത്യന്‍ സ്പീഡ് ഗണ്‍ ലോകകപ്പ് സ്‌ക്വാഡിലുണ്ട്. സ്വന്തം മണ്ണില്‍ കിരീടം നിലനിര്‍ത്താനിറങ്ങുന്ന ഇന്ത്യയെ വീണ്ടും കിരീടത്തിലേക്ക് നയിക്കാന്‍ ബുറയ്ക്ക് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

Content highlight: Jasprit Bumrahs’ brilliant batting performance in 2024 T20 World Cup

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.