തിലകിനൊപ്പം അവനും ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്: പ്രശംസയുമായി ബുംറ
Cricket
തിലകിനൊപ്പം അവനും ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്: പ്രശംസയുമായി ബുംറ
Sudev A
Friday, 15th May 2026, 9:27 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ തകര്‍പ്പന്‍ വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈയുടെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് മുംബൈ നേടിയത്.

മത്സരശേഷം ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ മുംബൈയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷം ജസ്പ്രീത് ബുംറ പങ്കുവെക്കുകയും ചെയ്തു. മത്സരത്തില്‍ തിലക് വര്‍മയുടെയും ഷര്‍ദുല്‍ താക്കൂറിന്റെയും പ്രകടനം ടീമിന്റെ വിജയത്തില്‍ വഴിത്തിരിവായെന്നാണ് ബുംറ പറഞ്ഞത്. വില്‍ ജാക്സിന്റെ പ്രകടനത്തെക്കുറിച്ചും ബുംറ സംസാരിച്ചു. വില്‍ ജാക്‌സ് ടീമിനായി നല്‍കിയ ചെറിയ സംഭാവന വലിയ സ്വാധീനം ചെലുത്തിയെന്നാണ് ബുംറ പറഞ്ഞത്.

‘ഇരു ടീമുകളും മികച്ച ക്രിക്കറ്റാണ് കളിച്ചത്. മത്സരത്തില്‍ മികച്ചതായി തുടങ്ങിയതിന് ശേഷം ഞങ്ങള്‍ പിറകോട്ട് പോയി. കുറച്ച് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. മത്സരത്തില്‍ തിലകിന്റെ ഇന്നിങ്‌സും ഷര്‍ദുല്‍ ബൗള്‍ ചെയ്ത രീതിയും വഴിതിരിവായി. രണ്ട് പേരും ഒരുപോലെ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്. തിലക് തന്റെ ഇന്നിങ്സ് നിലനിര്‍ത്തിയ രീതി വളരെ മികച്ചതായിരുന്നു.

മറുവശത്ത് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോള്‍ ഫോം നഷ്ടപ്പെടും. എന്നാല്‍ അദ്ദേഹം തന്റെ ഫോം നിലനിര്‍ത്തി മുന്നോട്ടു പോയി. ജാക്‌സ് വന്ന് തന്റെ പങ്കു നിര്‍വഹിച്ചു. മത്സരത്തില്‍ അതൊരു ചെറിയ സംഭാവന ആയിരുന്നു. എന്നാല്‍ അത് വലിയ സ്വാധീനമുണ്ടാക്കി. എല്ലാരും ടീമിനായി സംഭാവന നല്‍കി. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് അതാണ് വേണ്ടത്,’ ബുംറ പറഞ്ഞു.

മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി 33 പന്തില്‍ ആറ് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 75* റണ്‍സാണ് തിലക് വര്‍മ അടിച്ചെടുത്തത്. 227.27 എന്ന പ്രഹര ശേഷിയില്‍ ബാറ്റ് ചെയ്താണ് താരം മുംബൈയെ വിജയത്തിലെത്തിച്ചത്.

റിയാന്‍ റിക്കിള്‍ട്ടണ്‍ 48 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അവസാന ഘട്ടത്തില്‍ പുറത്താകാതെ 25 റണ്‍സ് നേടിയാണ് വില്‍ ജാക്സ് ടീമിനായി നിര്‍ണായക സംഭാവന നല്‍കിയത്.

ബൗളിങ്ങില്‍ മുംബൈയ്ക്കായി നാല് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഷര്‍ദുല്‍ താക്കൂര്‍ തിളങ്ങിയത്. ദീപക് ചഹര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കോര്‍ബിന്‍ ബോഷ്, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് പ്രഭ്സിമ്രാന്‍ സിങ്ങായിരുന്നു. 32 പന്തില്‍ നാല് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് താരം നേടിയത്. 17 പന്തില്‍ നാല് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടി അസ്മത്തുള്ള ഒമര്‍സായിയും മികവ് പുലര്‍ത്തി.

പഞ്ചാബിന് വേണ്ടി ബൗളിങ്ങില്‍ രണ്ട് വിക്കറ്റ് നേടി അസ്മത്തുള്ള ഒമര്‍സായി മികവ് പുലര്‍ത്തിയപ്പോള്‍ മാര്‍ക്കോ യാന്‍സന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Jasprit Bumrah Talks about Tilak Varma and shardul Thakur performance against punjab kings

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.