ബുംറ ഈസ് ബാക്ക്! താണ്ഡവത്തില്‍ കടപുഴകി ഭുവനേശ്വര്‍
Cricket
ബുംറ ഈസ് ബാക്ക്! താണ്ഡവത്തില്‍ കടപുഴകി ഭുവനേശ്വര്‍
ഫസീഹ പി.സി.
Sunday, 25th January 2026, 9:05 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി – 20 ഗുവാഹത്തിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ബാറ്റ് ചെയ്ത കിവീസ് ഒമ്പത് വിക്കറ്റിന് 153 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യന്‍ ബൗളമാരുടെ മികച്ച പ്രകടനത്തില്‍ കിവിപ്പട തകരുകയായിരുന്നു.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് ജസ്പ്രീത് ബുംറ. താരം മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. 17 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഈ പ്രകടനം.

ഇതോടെ ബുംറ ഒരു നേട്ടത്തില്‍ മുന്നിലെത്തി. ഇന്ത്യയ്ക്കായി ടി – 20യില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് പന്തുകള്‍ എറിഞ്ഞ താരങ്ങളില്‍ മുന്നിലെത്തെത്താനാണ് ഫാസ്റ്റ് ബൗളര്‍ക്ക് സാധിച്ചത്. 897 പന്തുകളുമായാണ് താരം ഒന്നാം സ്ഥാനത്തുള്ളത്. ഭുവനേശ്വര്‍ കുമാറിനെ മറികടന്നാണ് താരത്തിന്റെ ഈ നേട്ടം.

ടി – 20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഡോട്ട് പന്തുകള്‍ എറിഞ്ഞ താരങ്ങള്‍, എണ്ണം

ജസ്പ്രീത് ബുംറ – 897

ഭുവനേശ്വര്‍ കുമാര്‍ – 891

ഹര്‍ദിക് പാണ്ഡ്യ – 786

അര്‍ഷ്ദീപ് സിങ് – 694

അക്സര്‍ പട്ടേല്‍ – 617

ആര്‍. അശ്വിന്‍ – 613

ബുംറയ്ക്ക് പുറമെ, രവി ബിഷ്ണോയിയും ഹര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഒപ്പം ഹര്‍ഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി.

കിവികള്‍ക്കായി ഗ്ലെന്‍ ഫിലിപ്സാണ് തിളങ്ങിയത്. താരം 40 പന്തില്‍ 48 റണ്‍സാണ് എടുത്തത്. ഒപ്പം 23 പന്തില്‍ 32 റണ്‍സുമായി മാര്‍ക്ക് ചാപ്മാനും 17 പന്തില്‍ 27 റണ്‍സുമായി മിച്ചല്‍ സാന്റ്‌നറും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.

നിലവില്‍ ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നാല് ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 55 റണ്‍സാണ് ടീം നേടിയത്. ആറ് പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയും രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസിലുള്ളത്.

സഞ്ജു സാംസണിന്റെയും ഇഷാന്‍ കിഷന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മാറ്റ് ഹെന്റി എറിഞ്ഞ ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് സഞ്ജു മടങ്ങിയത്. ഇഷനാവട്ടെ 13 പന്തില്‍ 28 റണ്‍സ് എടുത്താണ് തിരികെ നടന്നത്. ഇഷ് സോഥിക്കാണ് വിക്കറ്റ്.

 

Content Highlight: Jasprit Bumrah surpassed Bhuvaneswar Kumar in most dot balls for India in T20I

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി