ഏത് സാഹചര്യത്തിലും ടീമിന് വിക്കറ്റ് നേടാന്‍ സാധിക്കുന്ന ബുംറയുടെ കരുത്തറിഞ്ഞവരാണ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമെന്നും അടിവരയിട്ട് പറയാം. അത് വളരെ വ്യക്തമാണ്, ഇന്ത്യയ്ക്ക് വേണ്ടി ഇന്നേവരെ ഒരു ബൗളര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത റെക്കോഡ് തൂക്കിയാണ് ബുംറ അത് തെളിയിച്ചതും
ക്രിക്കറ്റ് ലോകം കൈപിടിയിലാക്കിയ എക്കാലത്തെയും ഇതിഹാസ പേസ് ബൗളര്‍മാരാണ് ഗ്ലെന്‍ മഗ്രാത്തും വസീം അക്രവും കപില്‍ ദേവുമൊക്കെ. എന്നാല്‍ ഇതിഹാസങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെക്കാവുന്ന, ആധുനിക ക്രിക്കറ്റില്‍ എതിരാളികളുടെ നെഞ്ചില്‍ തീ കോരിയിടാന്‍ കെല്‍പ്പുള്ള ഒരു ബൗളര്‍ വളര്‍ന്നു വന്നിരുന്നു… പേര് ജസ്പ്രീത് ബുംറ!
കളത്തിലിറങ്ങുമ്പോള്‍ പുല്‍നാമ്പ് പോലും ചാരമാകും വിധം കരുത്ത്, കണ്ണുകളിലെ തീക്ഷണതയില്‍ എതിരാളികളുടെ മുട്ടുവിറയ്ക്കും, പിന്നെ കാണാന്‍ സാധിക്കുന്നത് റിവേഴ്‌സ് സ്വിങ് മാസ്റ്ററുടെ തീയുണ്ടകള്‍ക്ക് ഇരയാകേണ്ടിവന്ന സ്റ്റംപ്‌സുകളും തല താഴ്ത്തി നടക്കുന്ന ബാറ്റര്‍മാരെയും… ബുംറയുടെ മുന്നില്‍ ബാറ്റ് പിടിക്കുന്നവന്റെ കൈകള്‍ വിറച്ചാല്‍ പോലും ഒന്നും പറയാനുണ്ടാകില്ല എന്നത് മറ്റൊരു സത്യം. അതുകൊണ്ട് തന്നെ ഇന്ന് ക്രിക്കറ്റ് ലോകം ഭരിക്കുന്ന പേസര്‍മാരില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ബുംറയ്ക്ക് അധിക കാലമൊന്നും വേണ്ടി വന്നില്ലായിരുന്നു.
ക്രിക്കറ്റിന്റെ ക്ലീന്‍ ഫോര്‍മാറ്റായ ടെസ്റ്റില്‍ ബുംറയുടെ ബൗളിങ് മായാജാലങ്ങള്‍ കാണാത്തവര്‍ വിരളമാണ്. അതിനാല്‍ ബുംറയുടെ നിലവിലെ ബൗളിങ് റാങ്കിങ്ങില്‍ 901 പോയിന്റ് മറികടക്കാന്‍ ആരായാലും ഒന്ന് വിയര്‍ക്കും. നിലവില്‍ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനവുമായി മുന്നേറുകയാണ് ബുംറ. പരമ്പരയില്‍ രണ്ട് ഫൈഫറുകള്‍ ഉള്‍പ്പെടെ വിക്കറ്റ് വേട്ടയില്‍ താരത്തിന്റെ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്.
എന്നിരുന്നാലും ഇന്ത്യയുടെ കോഹിനൂര്‍ രത്‌നമെന്ന് എന്നറിയപ്പെടുന്ന ബുംറക്ക് പരിക്കുകള്‍ വില്ലനായിരുന്നു. മാത്രമല്ല ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടിനെതിരെയുള്ള താരത്തിന്റെ മത്സരങ്ങള്‍ മൂന്നെണ്ണമാക്കി വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍ നിര്‍ണായക പരമ്പരയില്‍ ബുംറയില്ലാതെ ഇന്ത്യയ്ക്ക് ഇറങ്ങാന്‍ സാധിക്കില്ലായിരുന്നു. സമ്മര്‍ദ ഘട്ടങ്ങളില്‍ പോലും അദ്ദേഹത്തിന്റെ സ്‌പെല്ലുകള്‍ ഇന്ത്യയ്ക്ക് വജ്രായുധം തന്നെയാണ്.
ഏത് സാഹചര്യത്തിലും ടീമിന് വിക്കറ്റ് നേടാന്‍ സാധിക്കുന്ന ബുംറയുടെ കരുത്തറിഞ്ഞവരാണ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമെന്നും അടിവരയിട്ട് പറയാം. അത് വളരെ വ്യക്തമാണ്, ഇന്ത്യയ്ക്ക് വേണ്ടി ഇന്നേവരെ ഒരു ബൗളര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത റെക്കോഡ് തൂക്കിയാണ് ബുംറ അത് തെളിയിച്ചതും. ഓസ്‌ട്രേലിയന്‍ മണ്ണിലും ഇംഗ്ലണ്ടിലും നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി 50ല്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഏക ഇന്ത്യന്‍ ബൗളറാണ് ബുംറ.
Relive Jasprit Bumrah’s brilliant 9/52 at MCG in 2018! 🏏
ഇംഗ്ലണ്ടില്‍ ഇതുവരെ 51* വിക്കറ്റും ഓസ്‌ട്രേലിയില്‍ 64 വിക്കറ്റുമാണ് താരം നേടിയത്. ഇതിഹാസ താരങ്ങളുണ്ടായിട്ടും വിദേശ മണ്ണില്‍ ആധിപത്യം സൃഷ്ടിക്കുന്ന സ്റ്റാര്‍ പേസര്‍ ബുംറയെ എത്ര വാഴ്ത്തിയാലും മതിയാകില്ല. ഇന്ത്യയ്ക്ക് വേണ്ടി റെഡ് ബോളില്‍ 48 മത്സരങ്ങളിലെ 91 ഇന്നിങ്‌സില്‍ നിന്ന് 219 വിക്കറ്റുകളാണ് ബുംറ നേടിയത്. 19.82 എന്ന ആവറേജും 2.79 എന്ന എക്കോണമിയും താരത്തിന്റെ ബൗളിങ്ങില്‍ എടുത്തു പറയേണ്ട ഘടകങ്ങളാണ്.
27 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ നേടിയ മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. മാത്രമല്ല 15 ഫൈഫറുകളാണ് ഫോര്‍മാറ്റില്‍ ബുംറ നേടിയെടുത്തത്. ഇതോടെ കപില്‍ ദേവിനെ വെട്ടി ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന ഇന്ത്യന്‍ ഫാസ്റ്റ് ബൗളറാകാനും താരത്തിന് സാധിച്ചിരുന്നു. കപില്‍ ദേവ് 12 ഫൈഫറായിരുന്നു നേടിയത്.
മാത്രമല്ല സേന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന താരമാകാനും ബുംറയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ നേട്ടത്തില്‍ പാക് ഇതിഹാസം വസീം അക്രമിനൊപ്പമാണ് ബുംറ (11 ഫൈഫര്‍). ഇതിനെല്ലാം പുറമെ 2024ല്‍ ഐ.സി.സിയുടെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 100, 150, 200 വിക്കറ്റുകള്‍ നേടുന്ന ഫാസ്റ്റ് ബൗളറാകാനും ബുംറയ്ക്ക് കഴിഞ്ഞു. ഇതുപോലെ ഒട്ടനവധി നേട്ടങ്ങള്‍ ബുംറ തന്റെ വലയില്‍ പിടിച്ചിട്ടിട്ടുണ്ട്.
മുന്നോട്ടുപോകുമ്പോള്‍ റെക്കോഡുകളും നാഴികക്കല്ലുകളും ബുംറയ്ക്ക് മുന്നില്‍ തകര്‍ന്ന് വീഴുമെന്നത് ഉറപ്പാണ്. എന്നാല്‍ ബുംറയെന്ന കോഹിനൂര്‍ രത്‌നത്തെ ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുമെന്നും കണ്ടറിയേണ്ടതാണ്. കൃത്യമായ പരിചരണവും വിശ്രമവും ബുംറയ്ക്ക് നല്‍കേണ്ടത് അനിവാര്യമാണെന്ന് ചുരുക്കി പറയാവുന്നതാണ്.
Content Highlight: India VS England: Jasprit Bumrah is the only Indian bowler to complete 50 wickets in Test cricket in England and Australia