2026 ടി – 20 ലോകകപ്പില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കിയിരുന്നു. കിരീടനേട്ടത്തില്‍ ബുംറ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ പ്രകടനങ്ങളുമായി തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും നോക്ക്ഔട്ടില്‍ ടീമിന്റെ രക്ഷകനായി അവതരിച്ചിരുന്നു. ഫാസ്റ്റ് ബൗളര്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് വീഴ്ത്തിയത്. 174 റണ്‍സ് വഴങ്ങിയ ബുംറ 6.21 എന്ന എക്കോണമിയിലാണ് ബോളെറിഞ്ഞത്.
ഫൈനലില്‍ ബുംറ മിന്നും പ്രകടനവുമായി ആരാധകരുടെ മനസ് കവര്‍ന്നിരുന്നു. കിവീസിനെതിരെ വെറും 15 റണ്‍സ് വിട്ടുകൊടുത്ത് താരം നാല് വിക്കറ്റുകളാണ് പിഴുതത്. ഇത് ഫാസ്റ്റ് ബൗളറെ ഫൈനലിലെ താരമാക്കി.
എന്നാല്‍ 2026ല്‍ മാത്രമല്ല കഴിഞ്ഞ രണ്ട് വൈറ്റ് ബോള്‍ ലോകകപ്പിലും ഇന്ത്യന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ബുംറയുടെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. 2026, 2024 ടി-20 ലോകകപ്പിലും 2023 ഏകദിന ലോകകപ്പിലും ഏറ്റവും മികച്ച എക്കോണമിയില്‍ ബോള്‍ എറിയുന്ന താരമെന്ന നേട്ടം ബുംറയുടെ അക്കൗണ്ടിലാണ്.
2023 ഏകദിന ലോകകപ്പില്‍ ഏറ്റവും മികച്ച എക്കോണമിയില്‍ ബോള്‍ എറിയുന്ന താരം
2024 ടി – 20 ലോകകപ്പിലും ബുംറ ഇന്ത്യന്‍ കിരീടനേട്ടത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു. അന്ന് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപെടുത്തുന്നതില്‍ നിര്‍ണായകമായത് താരത്തിന്റെ ഓവറുകളാണ്. ടൂര്‍ണമെന്റിലെ താരവും ബുംറയായിരുന്നു. 2023ലെ ഏകദിന ലോകകപ്പില്‍ അപരാജിത കുതിപ്പാണ് ഇന്ത്യ നടത്തിയതെങ്കിലും അവസാന അങ്കത്തില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ടൂര്‍ണമെന്റില്‍ ബുംറ 11 മത്സരത്തില്‍ നിന്ന് 4.6 എന്ന എക്കോണമിയില്‍ പന്തെറിഞ്ഞ് 20 വിക്കറ്റുകള്‍ നേടിയിരുന്നു.
ലോകത്തെ ഏറ്റവും മികച്ച ബൗളര്‍ മാരില്‍ ഒരാളാണ് ബുംറയെന്ന് ഏതൊരു ക്രിക്കറ്റ് പ്രേമിക്കും കണ്ണും പൂട്ടി പറയാന്‍ സാധിക്കുന്ന പ്രകടനമാണ് ബുംറയുടേത്. ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളും ബുംറയെ ഒരു തലമുറയിലെ മികച്ച ബൗളര്‍ എന്ന പട്ടം ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.
Content Highlight: Jasprit Bumrah In Great Record Achievement In Last Three ICC White Ball World Cup