ഇന്ത്യയിലെ മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ ഒന്നാം നമ്പര്‍ ബൗളര്‍ എന്നാണ് സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ആ വിശേഷണം താരം തന്റെ മാസ്മരിക പ്രകടനങ്ങള്‍ കൊണ്ട് എപ്പോഴും ഊട്ടിയുറപ്പിക്കാറുണ്ട്. റണ്‍സ് പിശുക്കി നല്‍കുന്നത് കൊണ്ട് മാത്രമല്ല, ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം വിക്കറ്റ് പിഴുതാണ് ഇന്ത്യന്‍ പേസര്‍ ഈ വിശേഷണം നേടിയെടുത്തത്.
ഇപ്പോള്‍ നടക്കുന്ന ഏഷ്യാ കപ്പിലും വിക്കറ്റുകള്‍ വീഴ്ത്തി താരം തന്റെ മികവ് തുടരുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ പാകിസ്ഥാനുമായുള്ള മത്സരത്തില്‍ താരം രണ്ട് വിക്കറ്റെടുത്തിരുന്നു. അതോടെ ഏഷ്യാ കപ്പില്‍ വിവിധ വര്‍ഷങ്ങളിലായി കളിച്ച എല്ലാ മത്സരത്തിലും വിക്കറ്റ് നേടുക എന്ന അപൂര്‍വ നേട്ടമാണ് താരം കുറിച്ചത്.
ഇതുവരെ ബുംറ ഏഷ്യാ കപ്പില്‍ ഏകദിനത്തിലും ടി – 20 ഫോര്‍മാറ്റിലുമായി 14 മത്സരങ്ങളാണ് കളിച്ചത്. ഈ മത്സരങ്ങളിലെല്ലാം താരം ഒരു വിക്കറ്റെങ്കിലും സ്വന്തമാക്കിയിട്ടുണ്ട്. 2016ലാണ് ബുംറ ഏഷ്യാ കപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ടി – 20 ഫോര്‍മാറ്റില്‍ എത്തിയ ടൂര്‍ണമെന്റില്‍ ആ വര്‍ഷം അഞ്ച് മത്സരങ്ങളിലാണ് ബുംറ ഇറങ്ങിയത്. ഈ മത്സരങ്ങളില്‍ നിന്ന് താരം ആറ് വിക്കറ്റുകളാണ് പിഴുതത്. 1/23, 1/8, 2/27, 1/23, 1/13 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.
2018ൽ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ നാല് മത്സരങ്ങളിലാണ് ഫാസ്റ്റ് ബൗളര്‍ കളത്തിലിറങ്ങിയത്. ഇത്തവണ ഏകദിന ഫോര്‍മാറ്റില്‍ എത്തിയ ടൂര്‍ണമെന്റില്‍ ബുംറ എട്ട് വിക്കറ്റുകളാണ് സ്വന്തം പേരില്‍ എഴുതിയത്. 2/23, 3/37, 2/29, 1/39 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനങ്ങള്‍.
2022ല്‍ അടുത്ത ഏഷ്യാ കപ്പ് എത്തിയപ്പോള്‍ എന്നാല്‍ ബുംറ ടീമില്‍ ഉണ്ടായിരുന്നില്ല. പരിക്ക് കാരണമാണ് ആ വര്‍ഷം താരത്തിന് ടൂര്‍ണമെന്റ് നഷ്ടമായത്. എന്നാല്‍, അടുത്ത വര്‍ഷം ഏകദിന ഏഷ്യാ കപ്പിലൂടെ താരം ടൂര്‍ണമെന്റില്‍ തിരിച്ചെത്തി. ആ വര്‍ഷവും ഇറങ്ങിയ എല്ലാ മത്സരത്തിലും വിക്കറ്റുകള്‍ എന്ന പതിവ് താരം തുടര്‍ന്നു.
2023ല്‍ ബുംറയുടെ പ്രകടനം 1/18, 2/30, 1/23 എന്നിങ്ങനെയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് താരം അന്ന് ഇറങ്ങിയത്. ആ വര്‍ഷം ടൂര്‍ണമെന്റിലെ ആറ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ പുറത്തിരുന്ന താരത്തിന് ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചതിനാല്‍ ബൗള്‍ ചെയ്യാന്‍ അവസരം ലഭിക്കാതിരിക്കുകയായിരുന്നു.
ഇപ്പോള്‍ ഈ വര്‍ഷം വീണ്ടും ഏഷ്യാ കപ്പില്‍ വീണ്ടും തന്റെ പതിവ് തുടരുകയാണ് ബുംറ. ഇതുവരെ കളിച്ച രണ്ട് മത്സരത്തിലും താരം വിക്കറ്റ് നേടി. ആദ്യ മത്സരത്തില്‍ യു. എ. ഇക്കെതിരെ 19 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. രണ്ടാം മത്സരത്തില്‍ പാകിസ്താനെതിരെ ഇറങ്ങിയപ്പോള്‍ 28 റണ്‍സിന് രണ്ട് വിക്കറ്റും നേടി.
ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ഇനി ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം കൂടി ബാക്കിയിട്ടുണ്ട്. കൂടാതെ ടീം സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഈ വര്‍ഷം ഇനിയും മത്സരങ്ങള്‍ ബാക്കിയിട്ടുണ്ട്. ഈ മത്സരങ്ങളിലും വിക്കറ്റ് എന്ന തന്റെ പതിവ് തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Content Highlight: Jasprit Bumrah has taken wickets in all 14 matches he played in Asia Cup ever