ഹോള്‍ഡര്‍ പന്തെറിഞ്ഞത് ബാറ്റര്‍ക്ക് നേരെ, പക്ഷേ വീണത് നാലാം സ്ലിപ്പില്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
Cricket
ഹോള്‍ഡര്‍ പന്തെറിഞ്ഞത് ബാറ്റര്‍ക്ക് നേരെ, പക്ഷേ വീണത് നാലാം സ്ലിപ്പില്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ഫസീഹ പി.സി.
Friday, 2nd January 2026, 1:36 pm

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറുടെ ഒരു ബൗളിങ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇന്റര്‍നാഷണല്‍ ലീഗ് ടി – 20യില്‍ (ഐ.എല്‍.ടി – 20) താരത്തിന്റെ ഒരു ഡെലിവെറിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ പന്ത് ചെന്ന് പതിച്ച രീതി കൊണ്ടാണ് ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഹോള്‍ഡര്‍ എറിഞ്ഞ പന്ത് സ്‌ട്രൈക്ക് എന്‍ഡിലുള്ള ബാറ്ററില്‍ നിന്ന് ഏറെ ദൂരെയായി നാലാമത്തെ സ്ലിപ്പിലാണ് ചെന്ന് വീണത്. അബുദാബി നൈറ്റ് റൈഡേഴ്‌സും (എ.ഡി.കെ.ആര്‍) ദുബായ് ക്യാപിറ്റല്‍സും (ഡി.സി) തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം.

എ.ഡി.കെ.ആര്‍ ക്യാപ്റ്റനായ ഹോള്‍ഡര്‍ നോര്‍മല്‍ ഡെലിവറി എറിയാന്‍ ശ്രമിക്കുകയായിരുന്നു. അതിനായി താരം റണ്ണപ്പ് നടത്തി പന്തുമായി കുതിച്ചു. എന്നാല്‍, പന്ത് റിലീസ് ചെയ്തയുടനെ തന്നെ താരത്തിന്റെ കയ്യില്‍ നിന്ന് വഴുതിപ്പോയി. ആ പന്ത് ഉയര്‍ന്ന് പൊന്തി പതിച്ചതാകട്ടെ നാലാം സ്ലിപ്പിലും. ആ കാഴ്ച പന്തെറിഞ്ഞ ഹോള്‍ഡറടക്കം ഫീല്‍ഡിലും കമന്ററി ബോക്‌സിലുള്ളവരിലുമെല്ലാം ചിരിയുണര്‍ത്തി.

എന്നാല്‍, അമ്പയര്‍ ഉടനെ തന്നെ ആ ഡെലിവറി ഒരു നോ ബോളായി സിഗ്നല്‍ കാണിച്ചു. അതോടെ ദല്‍ഹി ക്യാപിറ്റലിസിന് ഫ്രീ ഹിറ്റും ലഭിച്ചു.

Photo: KKR Galaxy Of Knights/x.com

ഈ ഡെലിവറിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഐ.എല്‍.ടി – 20യുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ ആരാധകരും ഈ ക്ലിപ്പുകള്‍ തങ്ങളുടെ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഐ.എല്‍.ടി – 20യുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ വീഡിയോയ്ക്ക് 40.8k കാഴ്ചക്കാരുണ്ട്. കമന്റ് ബോക്‌സിലും ഈ വീഡിയോ ചിരിയുണര്‍ത്തുണ്ട്.

Content Highlight: Jason Holder’s delivery in ILT20 fell in 4th slip; Video Goes Viral

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി