2026 ടി – 20 ലോകകപ്പിലെ തന്റെ ടീം ടൂര്‍ണമെന്റ് തെരഞ്ഞെടുത്തത് മുന്‍ ഓസ്ട്രേലിയന്‍ താരം ജേസണ്‍ ഗില്ലസ്പി. സഞ്ജു സാംസണ്‍ അടക്കം നാല് ഇന്ത്യന്‍ താരങ്ങളെയാണ് അദ്ദേഹം തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജേസണ്‍ ഗില്ലസ്പി. Photo: Skysports/x.com

എന്നാല്‍, ഓപ്പണിങ് തിളങ്ങി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ മലയാളി താരം സഞ്ജു ഓപ്പണിങ്ങിലല്ല ഓസീസ് പേസറുടെ ടീമിലെത്തുന്നത് എന്നതാണ് കൗതുകം. ഇങ്ങനെ വിവിധ സര്‍പ്രൈസുകളുള്ള ഒരു ടീമിനെയാണ് ഓസീസ് ബൗളര്‍ തെരഞ്ഞെടുക്കുന്നത്. ഫാസ്റ്റ് ബൗളിങ് യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഗില്ലസ്പി.

ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ പാകിസ്ഥാന്‍ താരം സാഹിബ്സാദ ഫര്‍ഹാനും ന്യൂസിലാന്‍ഡ് വെടിക്കെട്ട് ബാറ്റര്‍ ഫിന്‍ അലനുമാണ് ഗില്ലസ്പിയുടെ ഓപ്പണര്‍മാര്‍. മറ്റൊരു കിവീസ് ഓപ്പണറായ ടിം സിഫെര്‍ട്ടാണ് വണ്‍ഡൗണായി എത്തുന്നത്.

നാലാമനായി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെയാണ് മുന്‍ ഓസീസ് പേസര്‍ തെരഞ്ഞെടുത്തത്. താരം തന്നെയാണ് ടീമിന്റെയും ക്യാപ്റ്റന്‍. സൂര്യക്ക് ശേഷം അഞ്ചാമനായാണ് സഞ്ജുവെത്തുന്നത്.

സഞ്ജു സാംസണ്‍. Photo: BCCI/x.com

ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ കളിച്ച സഞ്ജു ഓപ്പണറായാണ് കളത്തിലിറങ്ങിയിരുന്നത്. ഈ മത്സരങ്ങളിലെല്ലാം താരം വെടിക്കെട്ട് പ്രകടനമാണ് നടത്തിയിരുന്നത്. ഹാട്രിക്ക് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ താരം 321 റണ്‍സെടുത്തിരുന്നു. എന്നിട്ടും ഗില്ലസ്പി സഞ്ജുവിന് മധ്യനിരയിലാണ് സ്ഥാനം നല്‍കിയതെന്നാണ് ഏറെ കൗതുകകരം.

അതേസമയം ആറാമനായി മറ്റൊരു ഇന്ത്യന്‍ താരം തന്നെയാണ്. ഇന്ത്യക്കായി മൂന്നാം നമ്പറില്‍ ഇറങ്ങിയ ഇഷാന്‍ കിഷനാണിത്. താരത്തിന് ശേഷം ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ വില്‍ ജാക്സിനെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടീമിലെ ഏക ഓള്‍റൗണ്ടറും താരം തന്നെയാണ്.

മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെയാണ് ഗില്ലസ്പി ടീമിലേക്ക് തെരഞ്ഞെടുത്തത്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഒന്നാമന്‍. യു.എസ്.എ ബൗളര്‍ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്കും സിംബാബ്വെ താരം ബ്ലെസിങ് മുസരബാനിയുമാണ് മറ്റ് രണ്ട് സീമര്‍മാര്‍.

ജസ്പ്രീത് ബുംറ. Photo: BCCi/x.com

ഇംഗ്ലണ്ട് താരം ആദില്‍ റഷീദ് ഏക സ്പിന്നറായി ടീമില്‍ ഇടം കണ്ടെത്തി. പന്ത്രണ്ടാമനായി സൗത്ത് ആഫ്രിക്കന്‍ താരം ലുങ്കി എന്‍ഗിഡിയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2026 ടി – 20 ലോകകപ്പിനുള്ള ജേസണ്‍ ഗില്ലസ്പിയുടെ ടീം ഓഫ് ദി ടൂര്‍ണമെന്റ്

സാഹിബ്‌സാദ ഫര്‍ഹാന്‍, ഫിന്‍ അലന്‍, ടിം സെയ്ഫെര്‍ട്ട്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, വില്‍ ജാക്ക്സ്, ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്, ജസ്പ്രീത് ബുംറ, ആദില്‍ റഷീദ്, ബ്ലെസിങ് മുസരബാനി
പന്ത്രണ്ടാമത്തെ താരം: ലുങ്കി എന്‍ഗിഡി

 

Content Highlight: Jason Gillespie selects Team of the Tournament of T20 World Cup 2026 by placing Sanju Samson in the middle order