ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീലിസ് ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ക്ഷമാപണവുമായി ബിഗ് ബോസ് താരവും ഫാഷൻ ഇൻഫ്ലുവൻസറുമായ ജാസ്മിൻ ജാഫർ. ക്ഷേത്ര പരിസരത്ത് നിന്ന് ചിത്രീകരിച്ച റീൽസും ജാസ്മിൻ നീക്കം ചെയ്തു. വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മനസിലാകുന്നു. ആരെയും വേദനിപ്പിക്കാനോ പ്രശ്നം ഉണ്ടാക്കാനോ ചെയ്തതല്ല. അറിവില്ലായ്മയായിരുന്നുവെന്നും തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നും ജാസ്മിൻ ജാഫർ പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജാസ്മിന്റെ ക്ഷമാപണം.
കഴിഞ്ഞ ദിവസമായിരുന്നു ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയുള്ള റീൽസ് ചിത്രീകരിച്ചതിന് ജാസ്മിൻ ജാഫറിനെതിരെ പരാതി നൽകിയത്. വിലക്ക് മറികടന്ന് ഗുരുവായൂർ തീർത്ഥക്കുളത്തിൽ കാൽ കഴുകി, റീൽസ് ചിത്രീകരിച്ചെന്നും ആരോപിച്ച് ഗുരുവായൂർ ദേവസ്വമാണ് പൊലീസിൽ പരാതി നൽകിയത്.
നാല് ദിവസം മുമ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ നിന്ന് കാൽ കഴുകുന്ന വീഡിയോ ജാസ്മിൻ പങ്കുവെച്ചിരുന്നത്. ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ നിന്ന് കാൽ കഴുകുകയും മുല്ലപ്പൂ ചൂടുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നതിനും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും ക്ഷേത്രക്കുളത്തിൽ ഇറങ്ങുന്നതിനും വിലക്കുണ്ട്. വിലക്ക് മറികടന്നുകൊണ്ട് വീഡിയോ ചിത്രീകരിച്ചതിനെതിരെയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടെപിംൾ പൊലീസിൽ പരാതി നൽകിയത്.
മതവികാരം വ്രണപ്പെടുത്തൽ, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. പൊലീസ് പരാതി സ്വീകരിച്ചിട്ടുണ്ട്. നിയമ വശങ്ങൾ പരിശോധിച്ച് കേസെടുക്കുന്നതടക്കം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
Content Highlight: Jasmine Jaffar apologizes for filming reels at Guruvayur temple out of ignorance