വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലെ അന്തേവാസി മരിച്ച നിലയില്‍
Daily News
വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലെ അന്തേവാസി മരിച്ച നിലയില്‍
ന്യൂസ് ഡെസ്‌ക്
Saturday, 13th December 2014, 12:19 am

madam കൊല്ലം: അമൃതാന്ദമയി മഠത്തിലെ അന്തേവാസി മരിച്ച നിലയില്‍. ജപ്പാന്‍ സ്വദേശി ഓഷി ഇജിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 വര്‍ഷമായി അമൃതാനന്ദമയി മഠത്തില്‍ കഴിയുന്നയാളാണിദ്ദേഹം.

കൂടെയുണ്ടായിരുന്ന അന്തേവാസി രാവിലെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അമൃതാനന്ദമയീ ഭക്തനും വള്ളിക്കാവ് ആശ്രമത്തിലെ അന്തേവാസിയുമാണ് മരിച്ച ഓഷി ഇജിയെ.

മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തീരുമാനിച്ചിട്ടില്ല. മരണത്തെക്കുറിച്ച് മഠം വിശദീകരണമൊന്നും നടത്തിയിട്ടില്ല.

അടുത്തിടെയായി അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് വളരെയേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മഠത്തിലെ അന്തേവാസിയായിരുന്ന ഗെയില്‍ ട്രേഡ് വെല്‍ നടത്തിയ വെളിപ്പെടുത്തല്‍ വന്‍ വിവാദമാണുണ്ടാക്കിയത്.

നേരത്തെ ബീഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടും അമൃതാനന്ദമയി മഠത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തില്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ സത്‌നാം സിങ്ങിനെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ 2012 ആഗസ്ത് 6ന് സത്‌നാം സിങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ക്രൂരമര്‍ദ്ദനമാണ് സത്‌നാം സിങ്ങിന്റെ മരണത്തിനിടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ കേസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല.