യുവജനങ്ങളില്‍ മദ്യപാനാസക്തി വര്‍ധിപ്പിക്കാനുള്ള മത്സരവുമായി ജപ്പാന്‍
World News
യുവജനങ്ങളില്‍ മദ്യപാനാസക്തി വര്‍ധിപ്പിക്കാനുള്ള മത്സരവുമായി ജപ്പാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th August 2022, 7:24 pm

ടോക്യോ: സമ്പത്ത് വ്യവസ്ഥക്ക് ഉത്തജനം കിട്ടാനായി യുവജനങ്ങളില്‍ മദ്യപാനാസക്തി വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമായി ജപ്പാന്‍ ഗവണ്‍മെന്റ്.

ജപ്പാനിലെ യുവജനങ്ങള്‍ അവരുടെ മാതാപിതാക്കളെക്കാള്‍ കുറഞ്ഞ തോതിലാണ് മദ്യപിക്കുന്നത്. ഇത് റൈസ് വൈന്‍ പോലുള്ള മദ്യങ്ങളില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തില്‍ കുറവുണ്ടാക്കി. ഇതിനെത്തുടര്‍ന്നാണ് യുവജനങ്ങളില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി ജപ്പാന്‍ ഗവണ്‍മെന്റ് മുന്നോട്ടുവന്നത്.

മദ്യപാനം പ്രോത്സാഹിപ്പിച്ച് സമ്പത്ത് വ്യവസ്ഥയില്‍ മദ്യം വഴി ലഭിക്കുന്ന വരുമാനം പഴയപടി ആക്കാനായി ജപ്പാന്‍ നാഷണല്‍ ടാക്‌സി ഏജന്‍സി ‘സേക് വിവ (sake viva)’ എന്ന മത്സരവുമായാണ് എത്തിയിരിക്കുന്നത്.

20 വയസ് മുതല്‍ 39 വയസ് വരെ പ്രായമുള്ള ആളുകള്‍ക്കായാണ് മത്സരം നടത്തുന്നത്. ഇവര്‍ക്ക് തങ്ങളുടെ സമപ്രായക്കാരില്‍ മദ്യപാനാസക്തി വര്‍ധിപ്പിക്കാനായുള്ള ബിസിനസ് ആശയങ്ങള്‍ പങ്കുവെക്കാം.

ജാപ്പനീസ് റൈസ് വൈന്‍, ഷോചു, വിസ്‌കി, ബിയര്‍, വൈന്‍ തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ജപ്പാന്‍ നാഷണല്‍ ടാക്‌സി ഏജന്‍സി മത്സരം നടത്തുന്നത്.

കൊവിഡ് മഹാമാരിക്ക് ശേഷം യുവജനതയില്‍ കൈവന്ന പുതിയ ശീലങ്ങളാണ് മദ്യപാനത്തില്‍ നിന്ന് അവരെ പിന്നോട്ടടിച്ചതെന്നാണ് നാഷണല്‍ ടാക്‌സി ഏജന്‍സിക്ക് വേണ്ടി മത്സരം നടത്തുന്ന ഗ്രൂപ്പിന്റെ നിഗമനം. ഇതില്‍ മാറ്റമുണ്ടാക്കാന്‍ മത്സരാര്‍ത്ഥികള്‍ പങ്കുവെക്കുന്ന പ്രൊമോഷന്‍, ബ്രാന്‍ഡിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ അത്യാധുനിക ആശയങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഗ്രൂപ്പ് പറയുന്നത്.

അതേസമയം, ജപ്പാന്‍ സര്‍ക്കാരിന്റെ ഈ പദ്ധതിക്കെതിരെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഒരു വശത്ത് സര്‍ക്കാര്‍ മോശം ശീലം പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തിലാണ് പ്രതികരണങ്ങളെങ്കില്‍, മറ്റു ചിലര്‍ മദ്യപാനം പ്രോത്സാഹിപ്പിക്കാനായി ബാറുകളിലും ഡിജിറ്റല്‍ ക്ലബുകളിലും പ്രശസ്ത നടികളുടെ വിര്‍ച്വല്‍ റിയാലിറ്റി ഷോകള്‍ നടത്തണമെന്ന ആശങ്ങളുമായാണ് മുന്നോട്ടുവന്നിരിക്കുന്നത്.

അടുത്തിടെ വന്ന കണക്കുകള്‍ പ്രകാരം ജപ്പാനിലെ മദ്യ ഉപഭോഗം 1995 നെക്കാള്‍ കുറവാണ് ഇപ്പോള്‍. ഇത് മദ്യത്തില്‍ നിന്ന് ലഭിക്കുന്ന ടാക്‌സിനെയും സാരമായി ബാധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 1980ല്‍ മദ്യത്തില്‍ നിന്ന് കിട്ടുന്ന മൊത്തം ടാക്‌സ് സമ്പത്ത് വ്യവസ്ഥയുടെ 5 ശതമാനം ആയിരുന്നെങ്കില്‍ ഇപ്പോഴത് 1.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ജപ്പാന്റെ ജനസംഖ്യയില്‍ മൂന്നില്‍ ഒരുഭാഗം 65 വയസിന് മുകളിലുള്ള പൗരന്മാരാണെന്നതും ഇത്തരം ഒരു പദ്ധതി വിഭാവനം ചെയ്യാന്‍ ജപ്പാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതിന് കാരണമാണ്.

Content Highlight: Japan government urges its young people to drink more Alcohol to boost economy