എയര്‍ഫോഴ്‌സിലെ ആദ്യ വനിത പൈലറ്റ് ഗുഞ്ജന്‍ സക്‌സേനയായി ജാന്‍വി കപൂര്‍; ട്രെയിലര്‍ പുറത്ത്
Bollywood
എയര്‍ഫോഴ്‌സിലെ ആദ്യ വനിത പൈലറ്റ് ഗുഞ്ജന്‍ സക്‌സേനയായി ജാന്‍വി കപൂര്‍; ട്രെയിലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st August 2020, 12:02 pm

ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ആദ്യ വനിത പൈലറ്റ് ഗുഞ്ജന്‍ സക്‌സേനയായി ജാന്‍വി കപൂര്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന ഗുഞ്ജന്‍ സക്‌സേന ദി കാര്‍ഗില്‍ ഗേള്‍ എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ആഗസ്റ്റ് 12 നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്.

ശരണ്‍ ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റായ ഗുഞ്ജന്‍ സക്‌സേനയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

സേനയിലെ മികച്ച സേവനങ്ങള്‍ക്ക് ഇന്ത്യ ഗവണ്‍മെന്റ് ശൗര്യ ചക്ര നല്‍കി ബഹുമാനിച്ച വനിതയാണ് ഗുഞ്ജന്‍ സക്‌സേന. കാര്‍ഗില്‍ യുദ്ധസമയത്ത് അടക്കം ഇന്ത്യന്‍ യുദ്ധരംഗത്ത് മികച്ച സേവനം കാഴ്ചവെച്ച വ്യക്തിയാണ് അവര്‍.

ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘പഴയ ഓര്‍മ്മകള്‍ ഒരു നിമിഷം എന്റെ മുന്നിലൂടെ പോയ പോലെ തോന്നി’ എന്നാണ് ടീസര്‍ കണ്ട ശേഷം ഗുഞ്ജന്‍ പറഞ്ഞത്.

‘ജാന്‍വിയുടെ ശബ്ദത്തില്‍ എന്റെ ഓര്‍മ്മകള്‍ മുന്നിലൂടെ മിന്നി മറയുംപോലെയാണ് തോന്നിയത്. മൂന്ന് വര്‍ഷം മുമ്പ് ശരണ്‍ ശര്‍മ്മ ആരംഭിച്ച യാത്രയുടെ മികച്ച പര്യവസാനമാണ് ഈ ചിത്രമെന്ന് തോന്നുന്നു. എന്റെ ജീവിതം ഇത്ര മനോഹരമായി വെള്ളിത്തിരയിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം കാണിച്ച സത്യസന്ധതയ്ക്കും ആത്മാര്‍ഥതയ്ക്കും ഞാന്‍ നന്ദി പറയുന്നു’- ഗുഞ്ജന്‍ സക്‌സേന പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ