മന്ത്രി സ്ഥാനത്തേക്ക് ജനതാദളില്‍ നിന്ന് മാത്യു ടി തോമസ്
Daily News
മന്ത്രി സ്ഥാനത്തേക്ക് ജനതാദളില്‍ നിന്ന് മാത്യു ടി തോമസ്
ന്യൂസ് ഡെസ്‌ക്
Tuesday, 24th May 2016, 5:52 pm

mathew t thomass

പാലക്കാട്: അനിശ്ചിതത്വങ്ങള്‍ക്കും നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവില്‍ ജനതാദള്‍ (എസ്) മന്ത്രിയെ തീരുമാനിച്ചു. തിരുവല്ലയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട മാത്യു ടി തോമസ് തന്നെ ഇത്തവണയും മന്ത്രിയാകും. വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ഗതാഗത വകുപ്പും, മോട്ടോര്‍ വാഹന വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു മാത്യു ടി തോമസ്.
ബസ് ചാര്‍ജ് കുറച്ച കേരളത്തിലെ ആദ്യത്തെ ഗതാഗത മന്ത്രിയാണ് മാത്യു ടി തോമസ്. കേരള കോണ്‍ഗ്രസിന്റെ ജോസഫ് എം പുതുശേരിയെ 8242 വോട്ടിന് തോല്‍പ്പിച്ചാണ് ഇത്തവണ മാത്യു ടി തോമസ് നിയമസഭയിലെത്തിയത്.

നേരത്തെ മന്ത്രിസ്ഥാനത്തിനായി ചിറ്റൂരില്‍ നിന്നുവിജയിച്ച കെ.കൃഷ്ണന്‍കുട്ടിയും, വടകരയില്‍ നിന്നുള്ള സി.കെ.നാണുവും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് രണ്ടു പേരെയും പാര്‍ട്ടി പരിഗണിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ടര വര്‍ഷം വീതം മന്ത്രിയാക്കാം എന്നതായിരുന്നു സമവായ നീക്കം. എന്നാല്‍, വികസനപ്രവര്‍ത്തനങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കാന്‍ ഒരു മന്ത്രി മതിയെന്ന അഭിപ്രായവും പാര്‍ലമന്ററി പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു.

ദേശീയ നേതാവ് ദേവഗൗഡയുടെ സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ചു നീണ്ട ചര്‍ച്ച നടന്നെങ്കിലും ആദ്യം വ്യക്തമായ തീരുമാനത്തിലെത്താനായില്ലായിരുന്നു.