മലയാളികളുടെ ഇഷ്ട്ട അഭിനേതാക്കളില്‍ ഒരാളാണ് ജനാര്‍ദനന്‍. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം 90കളുടെ തുടക്കത്തില്‍ കോമഡി വേഷങ്ങളിലേക്ക് മാറുകയായിരുന്നു. സിനിമയില്‍ വന്ന് 53 വര്‍ഷങ്ങള്‍ പിന്നിട്ട ഈ വേളയില്‍ തന്റെ സിനിമാ ജീവിത്തതിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹം
പല സിനിമകളിലും വില്ലന്‍ വേഷം ചെയ്തുവെന്നും സി.ബി.ഐ ഡയറിക്കുറിപ്പ് ചെയ്യുമ്പോഴും തനിക്ക് വില്ലന്‍ കഥാപാത്രമാണ് കിട്ടിയിരുന്നതെന്നും ജനാര്‍ദനന്‍ പറയുന്നു. എന്നാല്‍ അന്ന് താന്‍ എസ്.എന്‍.സ്വാമിയോട് ‘സ്വാമി ഇതു ഞാന്‍ ഒരു കോട്ടയം അച്ചായനായി കുറച്ചു തമാശയൊക്കെ പറഞ്ഞ്, എന്റേതായ രീതിയില്‍ ഒന്നു ചെയ്യട്ടെ’ എന്ന് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘അതിനെന്താടാ നീ ചെയ്‌തോ എന്നായിരുന്നു സ്വാമിയുടെ മറുപടി. അങ്ങനെയാണ് കോമഡി കലര്‍ന്ന വില്ലനായി അതില്‍ എത്തുന്നത്. മേലേപ്പറമ്പില്‍ ആണ്‍വീടിലൂടെ എന്റെ ചിരിവര പൂര്‍ണമായി. പിന്നെ എത്രയോ ചിത്രങ്ങള്‍. ഇതിനിടയ്ക്ക് ചില നല്ല ക്യാരക്ടര്‍ റോളുകള്‍ കൂടി ചെയ്തു. ധ്രുവത്തിലെ ഡി.ഐ ജി മാരാര്‍, വാഴുന്നോരിലെ തേവക്കാട്ട് അവറാച്ചന്‍, ഇതൊക്കെ ഓര്‍ത്തിരിക്കുന്ന വേഷങ്ങളാണ്. രണ്ടും ജോഷി ചിത്രങ്ങള്‍,’ ജനാര്‍ദനന്‍ പറയുന്നു.
തന്നിലെ തമാശ നടനെ ഏറ്റവും നന്നായി ഉപയോഗിച്ചത് സിദ്ദിഖ് ലാല്‍ ആണെന്നും അവര്‍ തന്റെ ശബ്ദത്തിലാണ് ഡയലോഗുകള്‍ പോലും എഴുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇംപ്രൊവൈസേഷന്‍ എന്നതും അവരുടെ വലിയ പ്രത്യേകതയായിരുന്നുവെന്നും കാബൂളിവാല, മാന്നാര്‍ മത്തായിയിലെ ഗര്‍വാസീസ് ആശാന്‍ അങ്ങനെ ഒരുപാട് ചിത്രങ്ങളുണ്ടെന്നും ജനാര്‍ദനന്‍ കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.