എഡിറ്റര്‍
എഡിറ്റര്‍
ജനരക്ഷായാത്രയുടെ വാര്‍ത്തകൊടുത്തതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യവും തൊട്ടുകൂട്ടാന്‍ ബീഫും വിളമ്പി ബി.ജെ.പി
എഡിറ്റര്‍
Sunday 15th October 2017 1:19pm

ഫോട്ടോ കടപ്പാട് ദേശാഭിമാനി

തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ വാര്‍ത്തനല്‍കിയതിന് തൃശ്ശൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യവും തൊട്ടുകൂട്ടാനായി ബീഫും വിളമ്പിയെന്ന് റിപ്പോര്‍ട്ട്.

വിജയാഘോഷമെന്ന പേരിലായിരുന്നു തൃശൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മദ്യവും ബീഫും വിളമ്പി ബി.ജെ.പിയുടെ സല്‍ക്കാരം.ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷ്, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്ന് എന്നിവരുടെ നേതൃത്വത്തില്‍ തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ജോയ്സ് പാലസിലായിരുന്നു ബി.ജെ.പിയുടെ മദ്യസല്‍ക്കാരം.ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളാണ് മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ സ്വീകരിച്ചത്.

ചിത്രങ്ങള്‍ സഹിതമായിരുന്നു വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടത്. ഗോഹത്യയുടെ പേരില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നിട്ടുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനായിരുന്നു ജനരക്ഷാ യാത്ര തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്തത്.

ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തില്ലെങ്കിലും എത്തിയവര്‍ക്ക് വില കൂടിയ മദ്യവും ഭക്ഷണവുമാണ് വിളമ്പിയത്. ബീഫ് കഴിക്കരുതെന്നും ഗോമാതാവെന്നും പ്രചരണം ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടെ തന്നെയാണ് തൃശ്ശൂരിലെ ബീഫ് സല്‍ക്കാരമെന്നത് വ്യാപകമായി പരിഹാസത്തിന് ഇടവെച്ചിട്ടുണ്ട്.

Advertisement