മേയര്‍ സുന്ദരിയാണല്ലോ? മുരളീധരന്‍ പറഞ്ഞതില്‍ എന്താ തെറ്റ്: പി.സി ജോര്‍ജ്
Kerala News
മേയര്‍ സുന്ദരിയാണല്ലോ? മുരളീധരന്‍ പറഞ്ഞതില്‍ എന്താ തെറ്റ്: പി.സി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th October 2021, 5:25 pm

കോട്ടയം: മേയര്‍ ആര്യ രാജേന്ദ്രനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെ.മുരളീധരന് പിന്തുണയുമായി ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. മുരളീധരന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നും ഇപ്പോഴെത്ത കാലാത്ത് സ്ത്രീകളെപ്പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരന്‍ പറഞ്ഞത് മേയര്‍ സുന്ദരിയാണ് എന്നല്ലേ, മേയര്‍ സുന്ദരിയാണല്ലോ അതിനെന്താണ് കുഴപ്പമെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ അഭിപ്രായത്തില്‍ മേയര്‍ സുന്ദരിയാണ്. അതൊക്കെ ക്ഷമിക്കണം, ചുമ്മാ മുരളിക്ക് സന്തോഷം വന്നപ്പോ അങ്ങനെ പറഞ്ഞുകാണണം. ഇപ്പോഴത്തെ കാലത്ത് പെണ്ണുങ്ങളെപ്പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത്.

സ്ത്രീകളെപ്പറ്റി മിണ്ടിയാല്‍ കുഴപ്പമാണ്. എന്നാല്‍ പുരുഷന്‍മാര്‍ കുറേ പൊട്ടന്‍മാരുണ്ട്. അവരെ പറ്റി ആര്‍ക്കും എന്തും പറയാം. അത് പുരുഷന്‍മാരുടെ ഒരു അസോസിയേഷനുണ്ടാക്കി മുരളിയുമായി ആലോചിക്കേണ്ട പ്രശ്‌നമാണ്,’ പി.സി. ജോര്‍ജ് പറഞ്ഞു.

അതേസമയം, മേയര്‍ ആര്യ രാജേന്ദ്രന് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെ.മുരളീധരന്‍ എം.പിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുള്ള പരാമര്‍ശം നടത്തിയതിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.

മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു കെ. മുരളീധരന്റെ അധിക്ഷേപം.

നികുതിവെട്ടിപ്പില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ. മുരളീധരന്‍ എം.പി. മേയര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS: Janapaksam leader P.C. George Supports K Muraleedharan in abusive remarks against Mayor Arya Rajendran