ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
‘നൂറ് കവിതകളും മാവോവാദികളുടേത്’ ; സച്ചിദാനന്ദനും കുരീപ്പുഴയും പ്രഭാവര്‍മയും മാവോവാദികള്‍; കവിതാസമാഹാരത്തിനെതിരെ അപവാദപ്രചരണവുമായി സംഘപരിവാറും ജനം ടിവിയും
ന്യൂസ് ഡെസ്‌ക്
Tuesday 13th March 2018 4:54pm

കോഴിക്കോട്: ‘മോഡിഫൈ ചെയ്യപ്പെടാത്തത് സംഘപരിവാര്‍ ഫാസിസത്തിനെതിരെ 100 കവികള്‍ 25 ചിത്രകാരര്‍’ എന്ന കവിതാസമാഹാരത്തിനെതിരെ അപവാദപ്രചരണവുമായി സംഘപരിവാറും ജനം ടിവിയും. ദേശവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ കവിതാസമാഹാരമാണ് ഇതെന്നാണ് സംഘപരിവാറിന്റെ വാദം.

‘മോദിഫൈ ചെയ്യപ്പെടാത്തത്’ എന്ന പേരില്‍ പുറത്തിറക്കിയ കവിത സമാഹാരത്തിലുടനീളം ദേശവിരുദ്ധതയും മത സ്പര്‍ദ്ധ വളര്‍ത്തലുമാണ് പ്രമേയമാക്കിയിരിക്കുന്നതെന്നും പുസ്തകത്തിന്റെ എഡിറ്റര്‍ മാവോയിസ്റ്റ് നേതാവും യു.എ.പി.എ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളുമായ നദീര്‍ എന്ന വ്യക്തിയാണെന്നും ജനം ടിവി വാര്‍ത്തയില്‍ പറയുന്നു.നൂറ് കവിതകളും മാവോവാദി പ്രവര്‍ത്തകരുടേതാണെന്നും ജനം ടിവി ആരോപിക്കുന്നു.

സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുരീപ്പുഴ ശ്രീകുമാര്‍, ഉമേഷ് ബാബു കെ.സി, പ്രഭാ വര്‍മ, തുടങ്ങിയ എഴുത്തുകാരെയാണ് ജനം ടിവി മാവോവാദി പ്രവര്‍ത്തകരായി ചിത്രീകരിച്ചിരിക്കുന്നത്.

രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭീകരര്‍, ഐ.എസ് ഭീകരവാദികള്‍, നിരോധിത സംഘടനയായ സിമി തീവ്രവാദികള്‍ തുടങ്ങിയവരെ വെള്ള പൂശലാണ് കവിതകളിലൂടെ പ്രധാനമായും നടത്തിയിരിക്കുന്നതെന്നും ‘ഞാന്‍ പാകിസ്ഥാനിലേക്ക് പോകാം’ എന്ന തലക്കെട്ടിലുള്ള കവിതയില്‍ മുസ്‌ലിം ആചാരമായ ചേലാ കര്‍മത്തെ അപമാനിക്കുന്നതിനൊപ്പം ആ സമൂഹത്തെ സംശയദൃഷ്ടിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നുമുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.

അതേസമയം സച്ചിദാനന്ദന്‍ മാസ്റ്ററും കുരീപ്പുഴ ശ്രീകുമാറും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഉള്‍പ്പെടെ സംഘപരിവാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെയാണ് ജനം ടിവി ദേശദ്രോഹികളാക്കി മുദ്രകുത്തുന്നതെന്ന് നദീര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

”ഇത് സംഘപരിവാറിന്റെ സ്ഥിരമുള്ള അജണ്ടയാണ്. ജനാധിപത്യം എന്നത് വിയോജിക്കാനും കൂടിയുള്ള സ്വാതന്ത്ര്യമാണ്. സംഘപരിവാറിന് എതിരെയാണ് നമ്മള്‍ വിമര്‍ശന ശബ്ദം ഉന്നയിക്കുന്നതെങ്കില്‍ അത് അവരെ വല്ലാതെ ഭയപ്പെടുത്തും.

അത് പുസ്തകമാണെങ്കില്‍ അവര്‍ അതിനെ പിന്‍വലിക്കാനോ നിരോധിക്കാനോ ഉള്ള നടപടികളുമായി മുന്നോട്ടുപോകും. അത് തന്നെയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നൂറാളുകള്‍ അവര്‍ക്കെതിരെ സംസാരിക്കുന്നത് അവരെ വല്ലാതെ പേടിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അവര്‍ പുസ്തകത്തിനെതിരെ രംഗത്ത് വന്നത്.

‘മനുഷ്യാവകാശങ്ങളെ സംബന്ധിച്ചോ വ്യാജ ഏറ്റുമുട്ടലുകളെ സംബന്ധിച്ചോ ആരെങ്കിലും മിണ്ടിയാല്‍ അവരെ മാവോവാദികളാക്കി ചാപ്പകുത്തുന്നത് അത്യധികം ദൗര്‍ഭാഗ്യകരമാണ്. അതുപോലെ ഹിന്ദുത്വ രാഷ്ട്രീയത്തെയോ ജാതി സമ്പ്രദായത്തെയോ വിമര്‍ശിക്കുന്നത് ഹിന്ദു വിരോധമായും മുദ്രകുത്തുന്നു.

എന്നാല്‍ സമത്വാധിഷ്ഠിത സമൂഹത്തിനു രൂപം നല്‍കാനുള്ള പോരാട്ടങ്ങളുമായി മുന്നേറുക എന്നത് എന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ബസവണ്ണയും അംബേദ്കറും കാണിച്ച മാതൃക അതാണ് എന്നും നദീര്‍ പ്രതികരിച്ചു.


Dont Miss കുഞ്ഞിരാമന്‍ മരിച്ചത് കള്ളുഷാപ്പിലെ ബഹളത്തില്‍; തലശ്ശേരി കലാപത്തിന്റെ ഇരകളില്‍ കുഞ്ഞിരാമനില്ലെന്നും സഭയില്‍ പി.ടി തോമസ്


മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നദീറിനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായിരുന്നു. കേസില്‍ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് ജസ്റ്റിസ് കമാല്‍ പാഷ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണ്ടിവരുമെന്ന് ചോദിച്ച കോടതി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സമയം അന്വേഷണസംഘത്തിന് നല്‍കുകയായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് 2016 ലാണ് നദീറിനെതിരെ കേസ് എടുക്കുന്നത്. യു.എ.പിഎ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസെടുത്തത്.

ഇതിനെ ചോദ്യം ചെയ്ത് നദീര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസ് എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് പോലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. അന്തിമറിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരന് എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് കമാല്‍ പാഷ അറിയിച്ചിരുന്നു.

Advertisement