'ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരള' സിനിമ ആദ്യം ഹൈക്കോടതി കാണും; സൗകര്യമൊരുക്കാന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം
Film News
'ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരള' സിനിമ ആദ്യം ഹൈക്കോടതി കാണും; സൗകര്യമൊരുക്കാന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd July 2025, 2:44 pm

ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമ കാണാന്‍ തയ്യാറാണെന്ന് ഹൈക്കോടതി. സിനിമയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ നിര്‍മാതാക്കളെ ഇക്കാര്യം അറിയിക്കുകയായിരുന്നു.

ജസ്റ്റിസ് എന്‍. നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഈ കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച രാവിലെ പത്ത് മണിക്കാകും ഹൈക്കോടതി സിനിമ കാണുക. ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍മാതാക്കളോട് ഹൈക്കോടതി നിര്‍ദേശിച്ചു. പിന്നീട് ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.

നേരത്തെ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ സെന്‍സര്‍ ബോര്‍ഡിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സിനിമയ്ക്ക് എന്ത് പേരിടണമെന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണോയെന്നും ജാനകി എന്ന പേരിന് എന്താണ് പ്രശ്നമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

രാജ്യത്ത് മിക്കവാറും പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരുകളായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും ആരുടെ വികാരത്തെയാണ് വ്രണപ്പെടുത്തുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

Content Highlight: Janaki vs State of Kerala movie will be seen by the High Court first