കൊച്ചി: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ വിവാദത്തിൽ കോടതിയെ നിലപാടറിയിച്ച് നിർമാതാക്കൾ. ജാനകി എന്ന പേര് ജാനകി .വി എന്നോ വി. ജാനകിയെന്നോ ആക്കാമെന്നും ചിത്രത്തിലെ കോടതിയിലെ ക്രോസ് എക്‌സാമിനേഷൻ രംഗത്തെ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചു. സബ്‌ടൈറ്റിൽസിൽ മാറ്റങ്ങൾ വരുത്താനും തയ്യാറാണെന്ന് നിർമാതാക്കൾ പറഞ്ഞു. സെൻസർ ബോർഡിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാണെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. മൂന്ന് ദിവസത്തിനകം ജാനകി Vs സ്റ്റേറ്റ് ഓഫ് കേരളക്ക് സർട്ടിഫിക്കറ്റ് നൽകുമെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇതോടെ ചിത്രം ഇനി ജാനകി .വി Vs സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക.
ജാനകി സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതിന് കാരണമായി സെൻസർ ബോർഡ് വിചിത്രമായ വാദങ്ങളായിരുന്നു ഉയർത്തി കാണിച്ചത്. സിനിമയിൽ മറ്റൊരു മതക്കാരൻ ജാനകിയെ സഹായിക്കുന്നുണ്ടെന്നും ഇത്തരം സഹായങ്ങൾ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും സെൻസർ ബോർഡ് പറഞ്ഞിരുന്നു. സിനിമയുടെ സബ്ടൈറ്റിലിൽ അടക്കം മാറ്റം വരുത്തണമെന്നും ജാനകി .വി എന്നോ വി. ജാനകി എന്നോ മാറ്റം വരുത്തണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.
96ഓളം മാറ്റങ്ങൾ സിനിമയിൽ വേണമെന്നതിൽ നിന്നാണ് രണ്ട് മാറ്റങ്ങൾ മതിയെന്ന് നിലപാടിലേക്ക് സെൻസർ ബോർഡ് എത്തിയത്. സിനിമയിലെ ക്രോസ് വിസ്താരത്തിനിടയ്ക്ക് ജാനകി എന്ന് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാം എന്നുമായിരുന്നു സെൻസർ ബോർഡ് പറഞ്ഞത്.