കൊച്ചി: സുരേഷ് ഗോപി നായകനാകുന്ന ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ വിവാദത്തിൽ നിലപാടിൽ അയഞ്ഞ് സെൻസർ ബോർഡ്. സിനിമയിലെ കോടതി രംഗത്ത് ക്ലോസ് വിസ്താരത്തിൽ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് മ്യുട്ട് ചെയ്യണമെന്നും സബ്‌ടൈറ്റിൽസിൽ മാറ്റം വരുത്തണമെന്നും സെൻസർ ബോർഡ്. ജാനകി എന്ന പേര് വി. ജാനകി അല്ലെങ്കിൽ ജാനകി .വി എന്നാക്കണമെന്നും ആവശ്യം. ചിത്രത്തിൽ 96 മാറ്റങ്ങൾ വേണമെന്ന് നേരത്തെ സെൻസർ ബോർഡ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഇത് രണ്ട് മാറ്റങ്ങളാക്കി ചുരുക്കിയിട്ടുണ്ട്. ഇന്ന് (ബുധൻ) 1.45 ന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ചിത്രത്തിന്റെ പ്രദർശനാനുമതി സെൻസർ ബോർഡ് നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുക. കഴിഞ്ഞ ദിവസം ജഡ്ജി നേരിട്ട് സിനിമ കണ്ടിരുന്നു.
ജാനകിയെന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശമുന്നയിച്ചാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ പ്രദർശനം വിലക്കിയത്. എന്നാൽ ആരെയും അപകീർത്തിപ്പെടുത്തുന്നതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയിൽ ഇല്ലെന്ന് സിനിമ കണ്ടാൽ കോടതിക്ക് ബോധ്യപ്പെടുമെന്ന് നിർമാതാക്കൾ വാദിക്കുകയായിരുന്നു. വാദം കണക്കിലെടുത്താണ് ജഡ്ജി സിനിമ കണ്ടത്. എന്തുകൊണ്ട് ജാനകി എന്ന പേര് ഉപയോഗിക്കാൻ കഴിയില്ല എന്നതിന് കൃത്യമായ വിശദീകരണം നൽകാനും ജസ്റ്റിസ് എൻ. നഗരേഷ് സെൻസർ ബോർഡിനോട് നിർദേശിച്ചിരുന്നു.