റിലീസിന് മുമ്പ് യാതൊരു ആവശ്യവുമില്ലാത്ത വിവാദമുണ്ടാക്കി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള. നായികക്ക് സീതയുടെ പര്യായമായ ജാനകി എന്ന പേര് ഇടാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ പ്രദര്‍ശനാനുമതി തരില്ലെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. വലിയ വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രത്തിന്റെ പേര് ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള എന്ന് മാറ്റിക്കൊണ്ട് തിയേറ്ററുകളിലെത്തുകയായിരുന്നു.
എന്നാല്‍ ഇത്തരം വിവാദങ്ങളുടെ ആവശ്യമൊന്നുമില്ലായിരുന്നെന്നായിരുന്നു റിലീസിന് ശേഷം വന്ന പ്രേക്ഷക പ്രതികരണം. യാതൊരു ഇമോഷണല്‍ കണക്ഷനുമില്ലാത്ത തിരക്കഥയും കേരളത്തെ ഇകഴ്ത്തിക്കൊണ്ടുള്ള കുറച്ചധികം ഡയലോഗുകളുമാണ് സിനിമയിലുള്ളത്. എമ്പുരാന് മറുപടിയായി കേരളത്തെ താഴ്ത്തിക്കാണിക്കാന്‍ വേണ്ടി ബി.ജെ.പിയുടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ചെയ്ത സിനിമയാണ് ജെ.എസ്.കെ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
അനുപമ പരമേശ്വരനാണ് ടൈറ്റില്‍ കഥാപാത്രമായ ജാനകിയെ അവതരിപ്പിച്ചത്. ഒരിടവേളക്ക് ശേഷം മലയാളത്തിലേക്കുള്ള അനുപമയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള. നവാഗതനായ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിര അണിനിരന്നിരുന്നു. സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
നായകനായ ആദ്യചിത്രം കുമ്മാട്ടിക്കളിയിലൂടെ വലിയ രീതിയിലുള്ള ട്രോളുകളാണ് മാധവിന് ലഭിച്ചത്. ഭാവങ്ങള്‍ വരാത്ത മുഖവും നീട്ടിപ്പരത്തിയുള്ള ഡയലോഗ് ഡെലിവറിയും വിമര്‍ശനത്തിന് വിധേയമായി. ‘എന്തിനാടാ കൊന്നിട്ട്? നമ്മള്‍ അനാഥരാണ്, ഗുണ്ടകളല്ല’ എന്ന ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി.
ജെ.എസ്.കെയിലേക്ക് വരുമ്പോഴും മാധവിന്റെ കാര്യത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടില്ല. നവീന്‍ മാത്യൂസ് എന്ന കഥാപാത്രത്തെയാണ് മാധവ് അവതരിപ്പിച്ചത്. താരത്തെ കാണിക്കുന്ന സീനുകളില്‍ കുഴപ്പമില്ലെങ്കിലും ഡയലോഗ് ഡെലിവറി ഒട്ടും മെച്ചമുണ്ടായിരുന്നില്ല. സുരേഷ് ഗോപിയുടെ പഴയ മോഡുലേഷന്‍ മനപൂര്‍വം അനുകരിക്കുന്ന ഫീലാണ് മാധവിന്റെ ഡയലോഗ് കേള്‍ക്കുമ്പോള്‍ തോന്നുന്നത്.
കുമ്മാട്ടിക്കളിയിലേത് പോലെ ട്രോളന്മാര്‍ ആഘോഷിക്കാന്‍ സാധ്യതയുള്ള മറ്റൊരു ഡയലോഗ് ഈ സിനിമയിലുമുണ്ട്. ജാനകിക്ക് നീതി കിട്ടുമോ എന്ന് സുരേഷ് ഗോപി അവതരിപ്പിച്ച അഡ്വക്കേറ്റ് ഡേവിഡിനോട് ചോദിക്കുമ്പോള്‍ ‘നീതി കിട്ടുന്ന സ്ഥലമല്ല കോടതി എന്നാണ് മറുപടി. അത് കേട്ട് മാധവ് അവതരിപ്പിച്ച നവീന്‍ ‘പിന്നെ എന്തിനാണ് സാര്‍ കോടതി’ എന്ന് തിരിച്ച് ചോദിക്കുന്നുണ്ട്.
കുമ്മാട്ടിക്കളിയില്‍നിന്ന് ഒരിഞ്ച് പോലും മെച്ചപ്പെട്ടിട്ടില്ല എന്ന് ആ ഒരൊറ്റ ഡയലോഗില്‍ നിന്ന് വ്യക്തമായി. പല സീനുകളിലും മാധവിന്റെ ഭാവമില്ലാത്ത മുഖം വരാതിരിക്കാന്‍ വേണ്ടി സംവിധായകന്‍ കുറച്ചധികം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസിലാകുന്നുണ്ട്. പകുതി മുക്കാലും സജഷന്‍ ഷോട്ടിലാണ് മാധവിനെ കാണിക്കുന്നത്. കേരളത്തെ കരിവാരിത്തേക്കാന്‍ സുരേഷ് ഗോപി ഒരുക്കിയ ‘കേരള സ്റ്റോറി’യിലൂടെ മാധവ് വീണ്ടും ട്രോള്‍ മെറ്റീരിയലായി മാറുമെന്ന് ഉറപ്പാണ്.
Content Highlight: Janaki V Vs State of Kerala movie released on OTT