ഹിറ്റാകാന്‍ മിനിമം 500 കോടിയെങ്കിലും വേണം, ജന നായകനില്‍ പ്രതീക്ഷ വെച്ച് വിതരണക്കാര്‍
Indian Cinema
ഹിറ്റാകാന്‍ മിനിമം 500 കോടിയെങ്കിലും വേണം, ജന നായകനില്‍ പ്രതീക്ഷ വെച്ച് വിതരണക്കാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd December 2025, 3:35 pm

തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ ഫെയര്‍വെല്‍ ചിത്രമായാണ് ജന നായകനെ മാര്‍ക്കറ്റ് ചെയ്യുന്നത്. വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രം ആരാധകര്‍ ആഘോഷമാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചിത്രത്തിന്റെ തിയേറ്ററിക്കല്‍ റൈറ്റ്‌സ് മുഴുവന്‍ വിറ്റുപോയെന്നാണ് പുതിയ വിവരം.

കേരള റൈറ്റ്‌സ് മാത്രമായിരുന്നു ഇതുവരെ വിറ്റുപോകാതിരുന്നത്. എസ്.എസ്.ആര്‍. എന്റര്‍ടൈന്മെന്റ്‌സ് കഴിഞ്ഞദിവസം ചിത്രത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നു. 13 കോടിക്കാണ് റൈറ്റ്‌സ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ റൈറ്റ്‌സിലൂടെ മാത്രം 230 കോടിയാണ് ജന നായകന്‍ സ്വന്തമാക്കിയത്. ചിത്രം ഹിറ്റാകണമെങ്കില്‍ മിനിമം 500 കോടിയെങ്കിലും ആവശ്യമാണ്.

തമിഴ്‌നാട്ടില്‍ റെക്കോഡ് തുകയായ 103 കോടിക്കാണ് റൈറ്റ്‌സ് വിറ്റുപോയത്. അഞ്ച് വ്യത്യസ്ത ടീമുകളാണ് തമിഴ്‌നാട്ടില്‍ വിതരണാവകാശം സ്വന്തമാക്കിയത്. തമിഴ്‌നാട്ടില്‍ ജന നായകന്‍ ഹിറ്റാകണമെങ്കില്‍ 300 കോടിയും ബ്രേക്ക് ഇവന്‍ ആകാന്‍ 250 കോടിയുമാണ് ആവശ്യം. വിജയ്‌യുടെ അവസാനചിത്രം ഏതുവിധേനയും ആരാധകര്‍ ഹിറ്റാക്കുമെന്നാണ് പ്രതീക്ഷ.

തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ സിതാര എന്റര്‍ടൈന്മെന്റ്‌സാണ് ആന്ധ്ര/ തെലങ്കാന റൈറ്റ്‌സ് നേടിയത്. 33 കോടിയാണ് ആന്ധ്രയിലെ റൈറ്റ്‌സ് തുക. ഇവിടെ ചിത്രം ഹിറ്റാകണമെങ്കില്‍ 75 കോടിയെങ്കിലും നേടണം. കേരളത്തില്‍ 36 കോടി സ്വന്തമാക്കിയാല്‍ ബ്രേക്ക് ഇവന്‍ ടാര്‍ഗറ്റ് മറികടക്കാനാകും. നിലവിലെ സാഹചര്യത്തില്‍ തമിഴ്‌നാട് ഒഴികെ മറ്റെല്ലായിടത്തും സ്ഥിതി പ്രവചിക്കാന്‍ സാധിക്കില്ല.

ഇത്രയും ഉയര്‍ന്ന തുകക്ക് റൈറ്റ്‌സ് വിറ്റുപോയതിനാല്‍ ബ്രേക്ക് ഇവന്‍ ആകാന്‍ ചിത്രം 500 കോടി കളക്ട് ചെയ്യണമെന്നാണ് കണക്കുകൂട്ടല്‍. വിജയ്‌യുടെ സ്റ്റാര്‍ഡം ആദ്യ വാരം ചിത്രത്തിന് നല്ല മൈലേജ് നല്‍കുമെന്ന് ഉറപ്പാണ്. എന്നാല്‍ അഞ്ചാം ദിവസം റിലീസാകുന്ന പരാശക്തി, ജന നായകന് തമിഴ്‌നാട്ടില്‍ വെല്ലുവിളിയായേക്കുമെന്നാണ് കണക്കുകൂട്ടല്‍.

തമിഴിലെ മുന്‍നിര നിര്‍മാതാക്കളും വിതരണക്കാരുമായ റെഡ് ജയന്റ് മൂവീസാണ് പരാശക്തിയുടെ തമിഴ്‌നാട് വിതരണക്കാര്‍. പരമാവധി സ്‌ക്രീനുകള്‍ പരാശക്തിക്ക് സ്വന്തമാക്കാനാകും റെഡ് ജയന്റ്‌സ് ശ്രമിക്കുക. സിനിമക്ക് പുറമെ രാഷ്ട്രീയ തന്ത്രമായിട്ടാണ് തമിഴ് സിനിമാപ്രേമികള്‍ ഈ നീക്കത്തെ കാണുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകന്‍ ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസാണ് റെഡ് ജയന്റ്‌സ്.

വെല്ലുവിളികളെ അതിജീവിച്ച് ജന നായകന് ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിക്കാനാകുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. 450 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ് സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ തന്റെ അവസാനചിത്രം ഗ്രാന്‍ഡാക്കി മാറ്റുമെന്ന് തന്നെയാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Jana Nayakan requires minimum 500 crores collection for break even